മലപ്പുറം: പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷെമീറിനെ കണ്ടെത്തി. കൊല്ലം ജില്ലയിലെ തെന്മലയിൽ നിന്നാണ് ഷെമീറിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷെമീറിനെയും പ്രതികളെയും ഉടൻ മലപ്പുറത്തേക്ക് കൊണ്ടുപോകും. പ്രതികൾ ചാവക്കാട് സ്വദേശികളെന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഷെമീറിനെ തട്ടിക്കൊണ്ടുപോയത്. വീട്ടിലേക്ക് വരികയായിരുന്ന ഷെമീറിനെ പാണ്ടിക്കാട് ടൗണിലെ സർക്കാർ യുപി സ്കൂളിന് സമീപത്ത് വച്ചാണ് ബലമായി ഇന്നോവ കാറിൽ കയറ്റി കൊണ്ടുപോയത്. ഇന്നലെ രാവിലെ 1.60 കോടിയുടെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഭാര്യയ്‌ക്ക് ഫോൺ എത്തിയിരുന്നു. എന്നാൽ ഇന്റർനെറ്റ് കോളായതിനാൽ വിളിച്ചയാളെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. തുടർന്ന് കാറിന്റെ ഉടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്നാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്.
ഫാർമസിസ്റ്റായ ഷെമീർ ഗൾഫിൽ ബിസിനസ് നടത്തുകയാണ്. ഈ മാസം നാലിനാണ് യുവാവ് അവധിക്ക് നാട്ടിലെത്തിയത്. ബിസിനസുമായി ബന്ധപ്പെട്ട് വിദേശത്ത് തർക്കമുണ്ടായിരുന്നു എന്നാണ് വിവരം.















