ന്യൂഡൽഹി: അടിസ്ഥാന രഹിതമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ജനാധിപത്യ പ്രക്രിയയെ പുകമറയിൽ നിർത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തു വന്നു.
കള്ളവോട്ടിന് തെളിവുണ്ടെങ്കിൽ രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണം, “വോട്ട് ചോരി” പ്രയോഗം വോട്ടർമാരുടെ സത്യസന്ധതയ്‌ക്ക് നേരെ നടത്തുന്ന ആക്രമണമാണ്. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന നിയമം 1952 മുതൽ നിലവിൽ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും ഇലക്ഷൻ കമ്മീഷൻ പ്രസ്താവിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നതായി രാഹുൽ ഗാന്ധി കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആരോപണങ്ങൾ നിഷേധിച്ചു. വോട്ട് കൃത്രിമം എന്നത് ഒരു തെറ്റായ ധാരണയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
“വോട്ട് മോഷണം പോലുള്ള മോശം വാക്കുകൾ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് കോടിക്കണക്കിന് വോട്ടർമാരെ ആക്രമിക്കുക മാത്രമല്ല, ലക്ഷക്കണക്കിന് തെരഞ്ഞെടുപ്പ് ജീവനക്കാരുടെ സത്യസന്ധതയെ വ്രണപ്പെടുത്തുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പിൽ രണ്ടുതവണ വോട്ട് ചെയ്തതിന് തെളിവുണ്ടെങ്കിൽ, നിങ്ങൾക്ക് അത് ഒരു സത്യവാങ്മൂലത്തോടൊപ്പം കമ്മീഷനുമായി പങ്കിടാം,” എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.















