കുവൈറ്റ് സിറ്റി : ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണോർസ് കേരള കുവൈറ്റ് ചാപ്റ്റർ അൽ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ജനറൽ കൺവീനർ നിമിഷ് കാവാലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. സുശോവന സുജിത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രക്തത്തിന് ആവശ്യക്കാർ കൂടി വരുന്ന സാഹചര്യത്തിൽ ബിഡികെ യുടെ പ്രവർത്തനം വളരെ വിലപ്പെട്ടതാണ് എന്ന് ഡോ. സുശോവ പറഞ്ഞു. പ്ലേറ്റ്ലറ്റ് ആവിശ്യം കൂടി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്ലേറ്റ്ലറ്റ് ദാനത്തിനായി ജനങ്ങളെ ബോധവൽക്കുന്നതിൽ ബിഡികെ മുൻകൈ എടുക്കണമെന്ന് അഭിപ്രായം ബിഡികെ പ്രവർത്തകരുമായി ഡോക്ടർ പങ്കു വെച്ചു. ജയൻ സദാശിവൻ സ്വാഗതവും പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.

IDF കുവൈത്തിനെ പ്രതിനിധികരിച്ച് ഡോ. സണ്ണി വർഗീസ്, ശ്രീജിത്ത് മോഹൻദാസ്, മുബാറക് കമ്രത്ത്, സുധീർ,മനോജ് മാവലിക്കര, നളിനാക്ഷൻ ഒളവറ, തോമസ് അടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. കുവൈത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ബിഡികെ കുവൈത്തിന്റെ വളണ്ടിയർമാരുടെ നിർലോഭമായ സഹകരണം ക്യാമ്പിന്റെ വിജയത്തിന് മാറ്റുകൂട്ടി. ദേശീയ സ്നേഹത്തിൻ്റേയും സേവനത്തിൻ്റേയും മാനവികതയുടേയും സന്ദേശം ഉയർത്തിപ്പിടിച്ച ക്യാമ്പ് ബി ഡി കെ കുവൈത്ത് ചാപ്റ്ററിന്റെ പ്രതിബദ്ധതയുടെ തെളിവായിരുന്നു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രത്യേകമായി തയ്യാറാക്കിയ ക്യാൻവാസിൽ രക്തദാതാക്കൾക്കൊപ്പം സാമൂഹിക പ്രവർത്തകർക്കും വിവിധ അസ്സോസിയേഷൻ പ്രതിനിധികളും ആശംസാസന്ദേശങ്ങൾ രേഖപ്പെടുത്തി.










