ലണ്ടന്‍ : ഒരു ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമായി ഇന്ത്യൻ വംശജയായ ബോധന ശിവാനന്ദൻ. 10 വയസ്സുള്ള ഈ കൊച്ചു മിടുക്കി 60-വയസ്സുകാരനായ പീറ്റര്‍ വെല്‍സിനെ കീഴടക്കിയാണ് ചരിത്രം കുറിച്ചത്. ചെസ്സില്‍ ഒരു ഗ്രാന്‍ഡ്മാസ്റ്ററെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമെന്ന നേട്ടമാണ് ബോധന സ്വന്തമാക്കിയത്. ലിവർപൂളിൽ നടന്ന ബ്രിട്ടീഷ് ചെസ് ചാമ്പ്യൻഷിപ്പിലാണ് ബോധന ഈ നേട്ടം സ്വന്തമാക്കിയത്.
ഈ വിജയത്തോടെ വനിതാ ഇന്റർ നാഷണൽ മാസ്റ്ററായി മാറിയ ബോധന വനിതാ ഗ്രാൻഡ്മാസ്റ്റർ ആകാനുള്ള ആദ്യ നോമും സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ബോധന തന്നെയാണ്.
ഇന്ത്യൻ വേരുകളുള്ള ബ്രിട്ടീഷ് പെൺകുട്ടി ബോധന ശിവാനന്ദന്റെ വേരുകൾ തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ്. 2007 ൽ ലണ്ടനിലേക്ക് താമസം മാറ്റുന്നതുവരെ കുടുംബം അവിടെ താമസിച്ചിരുന്നു. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ശിവാനന്ദൻ വേലായുധമാണ് പിതാവ്.















