തിരുവനന്തപുരം: നേതാജിയെ ജപാൻക്കാരുടെ ചെരുപ്പ്നക്കിയെന്ന് വിശേഷിപ്പിച്ചവർ, അധിക്ഷേപിച്ച് കാർട്ടൂൺ വരച്ചവർ ഇന്ന് ശ്രമിക്കുന്നത് പാഠപുസ്തകത്തിലൂടെ അപമാനിക്കാനെന്ന് എബിവിപി.
“ബ്രിട്ടീഷുകാരെ ഭയന്നാണ് സുഭാഷ് ചന്ദ്രബോസ് രാജ്യം വിട്ടതെന്ന് എസ്‌സിഇആര്‍ടി കരട് കൈപ്പുസ്തകത്തിലെ പരാമര്‍ശം പ്രതിഷേധാർഹം. ജപ്പാൻകാരുടെ ചെരുപ്പ് നക്കിയെന്ന് വിശേഷിപ്പിച്ചും തങ്ങളുടെ മാസികയായ പീപ്പിൾസ് വാറിൽ അധിക്ഷേപിച്ച് കാർട്ടൂണുകൾ വരച്ചും മുൻപ് സുഭാഷ് ചന്ദ്ര ബോസിനെ നിരവധി തവണ വേട്ടയാടിയവരാണ് കമ്മ്യൂണിസ്റ്റുകാർ. അവർതന്നെയാണ് ഇന്നും ചരിത്രത്തെ വികലമായി ചിത്രീകരിച്ച് മനപ്പൂർവം അദ്ദേഹത്തെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നത്” ; എബിവിപി ദേശീയ നിർവ്വാഹക സമിതി അംഗം യദു കൃഷ്ണൻ പറഞ്ഞു.
“രാഷ്‌ട്ര സ്നേഹികളെയും സ്വതന്ത്ര സമര സേനാനികളെയും സ്ഥിരമായി അധിക്ഷേപിക്കുക എന്ന കമ്മ്യൂണിസ്റ്റ് രീതിയുടെ തുടർച്ചയാണ് ഇത്. ചരിത്രത്തെ വളച്ചൊടിച്ച് തങ്ങൾക്ക് ആഭിമുഖ്യം പുലർത്താത്തവരെ എല്ലാം മോശപ്പെട്ടവരായി ചിത്രീകരിക്കുവാനാണ് ഇവരുടെ ശ്രമം. ഇതിൽ ഇരകളാക്കപ്പെട്ടവരാണ് നേതാജിയും വീര സാവർക്കറുമെല്ലാം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒറ്റികൊടുത്തതിന്റെയും ബ്രിട്ടീഷുകാരിൽ നിന്ന് പണം കൈപ്പറ്റിയതിന്റെയും മാത്രം ചരിത്രം പേറുന്ന കമ്മ്യൂണിസ്റ്റുകൾക്ക് നേതാജിയെ പോലെയുള്ള വിപ്ലവകാരികൾ സഹിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും മൂല്യം മനസ്സിലാവണമെന്നില്ല. കൊളോണിയല്‍ ഭരണത്തിനെതിരെ ജനങ്ങളുടെ ഐതിഹാസിക സമരത്തിന് നേതൃത്വം നല്‍കിയവരില്‍, മുന്‍നിരയിലുണ്ടായിരുന്ന പടനായകനായിരുന്നു സുഭാഷ് ചന്ദ്രബോസ്. ശക്തമായ പ്രഭാഷണ ശൈലികൊണ്ടും, ധീരമായ നിലപാടുകള്‍കൊണ്ടും, വ്യക്തമായ ആശയങ്ങള്‍ കൊണ്ടും അതിവേഗം ഭാരതീയ യുവതയുടെ പ്രേരണാസ്രോതസ്സായി മാറിയ ആളാണ് അദ്ദേഹം. കോളോണിയല്‍ ബ്രിട്ടന്റെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയനായ യുവ വിപ്ലവ നേതാവ്. സ്വന്തം ജീവിതം മാതൃഭൂമിയുടെ വിമോചനത്തിനായി, നിരന്തരപോരാട്ടത്തിന്റെ യാഗാഗ്നിയില്‍ ആഹൂതി ചെയ്ത പോരാളികൂടിയാണ് അദ്ദേഹം. വികല ചരിത്രം നിർമിച്ച് അദ്ദേഹത്തെ പോലുള്ളവരെ ആക്ഷേപിക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് വരുകതന്നെ ചെയ്യുമെന്നും എസ് സി ഇ ആർ ടി യിൽ ഇതിന് നേതൃത്വം നൽകിയവർക്കെതിരെ ശക്തമായ നടപടി വേണം” യദു കൃഷ്ണൻ പ്രസ്താവിച്ചു















