തിരുവനന്തപുരം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ കടന്നാക്രമിക്കുന്ന നിലപാടുകളിൽ നിന്ന് സിപിഎം പിന്മാറണമെന്ന് സീറോ മലബാർ സഭ. ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തുന്ന നടപടി അവലപനീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണെന്നും സിറോ മലബാര്‍സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
തെറ്റ് ചെയ്യുമ്പോൾ തെറ്റാണെന്നും ശരി ചെയ്യുമ്പോൾ ശരിയാണെന്നും പറയുന്നതാണ് സഭയുടെ രീതി. ആർക്ക് നന്ദി പറയണം ആരെ വിമർശിക്കണം എന്ന കാര്യത്തിൽ തങ്ങളുടെ നിലപാടിൽ ഇടപെടാൻ ഒരു രാഷ്‌ട്രീയപാർട്ടിക്കും അവകാശമില്ല. എന്നാൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും സമുന്നതരായ നേതാക്കളെ അംഗീകരിക്കുന്നു. ഇതേ ജനാധിപത്യ മര്യാദ രാഷ്‌ട്രീയപാർട്ടികളും അവരുടെ നേതാക്കളും സഭയോടും കാണിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
ഛത്തീസ്ഗഡ് വിഷയത്തിൽ തങ്ങളെ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്ന നിലപാടാണ് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി സ്വീകരിച്ചത്. എന്നാൽ രാഷ്‌ട്രീയപാർട്ടിയെ സംരക്ഷിക്കുന്നതിനായി അനവസരത്തിലുള്ള പ്രസ്താവനകൾ വഴി ആർച്ച് ബിഷപ്പിനെ പൊതുസമൂഹത്തിന് മുന്നിൽ ആക്രമിക്കുകയാണ് ചെയ്തത്.
സീറോ മലബാർ സഭയ്‌ക്ക് ഒരു രാഷ്‌ട്രീയ പാർട്ടിയോടും പ്രതിപത്തിയില്ല. ആർച്ച് ബിഷപ്പ് പറഞ്ഞത് സഭയുടെ പൊതു നിലപാടാണ്. സഭയുടെ രാഷ്‌ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്’ പ്രസ്താവനയില്‍ പറയുന്നു.
കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നന്ദി പറഞ്ഞതിനെ തുടർന്നായിരുന്നു സിപിഎമ്മിന്റെ ആക്ഷേപം.















