കൊച്ചി : ലൗ ജിഹാദ് ഒരു ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കണമെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പാനായിക്കുളത്ത് പൂട്ടിയിട്ട് പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടിയുടെ മൊഴിയുണ്ടായിട്ടും പൊലീസ് ഈ വിഷയത്തില്‍ കേസെടുക്കാന്‍ നിയമമില്ല എന്നാണ് പറയുന്നത്. കോതമംഗലത്തെ യുവതിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.
“ലൗ ജിഹാദിന് എതിരെ കേസെടുക്കാന്‍ നിയമമില്ല എങ്കില്‍ അതിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കുവാന്‍ കേരള നിയമസഭ നിയമം പാസാക്കണം എന്ന് അഡ്വ.ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ലൗ ജിഹാദ് പോലെയുള്ള സംഭവങ്ങള്‍ക്ക് രാഷ്‌ട്രീയ പരിരക്ഷ നല്‍കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് സമൂഹത്തിന് ബോധ്യമാണെങ്കിലും എഫ്‌ഐആറിലോ കോടതി പരാമര്‍ശത്തിലോ ലൗ ജിഹാദ് എന്ന വാക്ക് പരാമര്‍ശിച്ചിട്ടില്ല. വാക്ക് ഏതെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ. എന്നാല്‍ പ്രണയം നടിച്ച് ചതിക്കുഴിയിലാക്കി, നിര്‍ബന്ധിതമായി മതംമാറ്റ കേന്ദ്രത്തിലെത്തിച്ചു മതം മാറ്റുന്നു. ഇത് അംഗീകരിക്കാന്‍ ആവില്ല.
പെണ്‍കുട്ടിയുടെ മൊഴിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാരന്റെ ബന്ധുക്കള്‍ മാത്രമല്ല മറ്റു ചിലര്‍ക്കും സോനയുടെ മരണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ പൊലീസ് ഇതുവരെ വിഷയത്തില്‍ അന്വേഷണം ആ രീതിയില്‍ നടത്തിയിട്ടില്ല.
സോന മരിച്ചുകഴിഞ്ഞ് അടുത്ത ദിവസങ്ങളില്‍ റമീസിന്റെ മാതാപിതാക്കള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നു, അവരെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. അവര്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യവും പൊലീസ് ഒരുക്കിക്കൊടുത്തു. അവരെല്ലാവരും പോപ്പുലര്‍ ഫ്രണ്ടിന്റെ സംരക്ഷണത്തിലാണ്. പൊന്നാനിയിലും പൈങ്ങോട്ടൂരിലുമുള്ള മതപരിവര്‍ത്തന കേന്ദ്രങ്ങളെപ്പറ്റിയും അവയുടെ പ്രവര്‍ത്തനത്തെപ്പറ്റിയും അന്വേഷിക്കാന്‍ തയാറാവണം”, അഡ്വ.ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
“കൊട്ടാരക്കരയില്‍ 296 ബി, 351, 78 വകുപ്പുകള്‍ പ്രകാരം കേസെടുത്ത സമാനസംഭവം ഉണ്ടായിട്ടും ഇതുവരെ പൊലീസ് പ്രതിയെ പിടിക്കാന്‍ തയ്യാറായിട്ടില്ല. അംഗവൈകല്യമുള്ള കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചത് ഗൗരവപരമായ കാര്യമാണ്. ഈ വിഷയത്തിലും പൊലീസിന് കേസെടുക്കാന്‍ നിയമമില്ല. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ലൗ ജിഹാദില്‍ നിന്ന് സംരക്ഷണം ഒരുക്കുന്നതിന് കേരള നിയമസഭ നിയമനിര്‍മാണം നടത്തണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യപ്പെടുന്നു. ലൗ ജിഹാദ് എന്ന് പേരിടാന്‍ മടിയാണെങ്കില്‍ സര്‍ക്കാര്‍ ഇഷ്ടപ്പെട്ട പേരിട്ടോ. എന്നാല്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാവണം.
ഈ വിഷയത്തില്‍ പ്രതിയായ റമീസിന്റെ അടുത്ത ബന്ധുക്കളാണ് ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍. തീവ്രവാദബന്ധത്തെപ്പറ്റിയോ ഈ വിഷയത്തിലെ തീവ്രവാദ സംഘടനകളുടെ ഇടപെടലുകളെപ്പറ്റിയോ അന്വേഷിക്കുവാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബം എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. എത്ര കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചാലും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ആസൂത്രിത നീക്കം കേരളത്തില്‍ നടക്കുന്നുണ്ട് എന്നത് സത്യമാണ്. ഇനി ഒരു പെണ്‍കുട്ടിക്ക് പോലും സോനയുടെ ഗതി ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേരള സര്‍ക്കാരും സംസ്ഥാന നിയമസഭയും തയാറാവണം”,അഡ്വ.ഷോണ്‍ ജോര്‍ജ് പ്രസ്താവിച്ചു.















