ഇസ്ലാമബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് 150 ഓളം സൈനികരെ നഷ്ടമായെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ മാദ്ധ്യമമായ സമാ ടിവിയാണ് രേഖകൾ സഹിതം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ സമ്മർദ്ദം ശക്തമായതോടെ റിപ്പോർട്ട് പിൻവലിച്ചു. എന്നാൽ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ പേര് വിവരങ്ങൾ, പദവി, എവിടെ വച്ച് കൊല്ലപ്പെട്ടു എന്നതടക്കമുള്ള വിവരങ്ങൾ ഇതിലുണ്ട്. അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ യഥാർത്ഥ നാശനഷ്ടങ്ങൾ പാകിസ്ഥാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഓപ്പറേഷൻ സിന്ദൂറിന് പകരം ചോദിക്കാനായി പാകിസ്ഥാൻ നടത്തിയ ഓപ്പറേഷന്റെ പേരാണ് ബനിയനുൻ മർസൂസിൽ. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവർക്ക് പാകിസ്ഥാൻ പ്രസിഡന്റ് ധീരതാ അവാർഡുകൾ നൽകി ആദരിച്ചിരുന്നു. ഇതിന്റെ പട്ടികയാണ് സമ ടിവി പുറത്തുവിട്ടത്. ഓപ്പറേഷൻ ബനിയനുൻ മർസൂസിൽ വൻ വിജയമാണെന്നാണ് പാക് സർക്കാരും സൈനിക മേധാവി അസീം മുനീറും അവകാശപ്പെട്ടിരുന്നത്. ഇതിനിടെയാണ് മാദ്ധ്യമ റിപ്പോർട്ട് പുറത്തുവന്നത് സർക്കാരിന് വലിയ നാണക്കേടായി.
മുൻപ് കാർഗിൽ യുദ്ധസമയത്തും സ്വന്തം സൈനികരുടെ മരണം പാകിസ്ഥാൻ മറച്ചുവച്ചിരുന്നു. അന്ന് സൈനികരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കനോ സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാനോ സംസ്കരിക്കാനോ പാകിസ്ഥാൻ തയ്യാറായിരുന്നില്ല. പതിറ്റാണ്ടുകൾക്കിപ്പുറം പാകിസ്ഥാന് യാതൊരു മാറ്റവും സംഭവിച്ചില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.















