ശ്രീനഗർ: ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഏഴ് പേർ മരിച്ചു. രാജ്ബാഗിലെ ജോധ് ഘാട്ടി ഗ്രാമത്തിലും ജംഗ്ലോട്ട് ജില്ലയിലുമാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ജോധ് ഘാട്ടിയിൽ മാത്രം അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ജംഗ്ലോട്ടിൽ രണ്ട് പേർ മരിച്ചതായും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ അഞ്ച് പേർ 2 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്.
പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജോധ് ഘാട്ടിയിൽ നിന്ന് അഞ്ച് പേരെ ഹെലികോപ്‍ടർ മാർഗം പഞ്ചാബിലെ പത്താൻകോട്ടിലെ ആശുപത്രിയിലേക്ക് മാറ്റിതായി സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിംഗ് പറഞ്ഞു.
കത്വ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഗാർഡ്, ചാങ്ഡ ഗ്രാമങ്ങളിലും ലഖൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദിൽവാൻ-ഹുട്‌ലിയിലും മണ്ണിടിച്ചിലുണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴയെ തുടർന്ന് മിക്ക നദികളിലും ജലനിരപ്പ് കുത്തനെ ഉയർന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഉദ്ധ് നദി കരകവിഞ്ഞ് ഒഴുകുകയാണ്. ദിവസങ്ങൾക്ക് മുമ്പാണ് കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് 60 പേർ മരിച്ചത്.
VIDEO | Kathua: Relief and rescue operations are underway after seven people lost their lives in rain-triggered landslides in Kathua district. DC Kathua Rajesh Sharma said, “Heavy rainfall has caused significant damage in Kathua, and unfortunately, we have also lost lives. Five… pic.twitter.com/5VHDfzqSkZ
— Press Trust of India (@PTI_News) August 17, 2025















