ന്യൂഡൽഹി: ഡൽഹിയിൽ പ്രധാന ഹൈവേ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതലസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു. നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവയുൾപ്പെടെ ഡൽഹിയിലെ വിവിധയിടങ്ങളിലുണ്ടാകുന്ന ഗതാഗത കുരുക്ക് കുറയ്‌ക്കാനാണ് ഹൈവേ പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ ഇത് യാത്രാസമയം കുറയ്‌ക്കുകയും ചെയ്യുന്നു.
ദ്വാരക എക്സ്പ്രസ് വേ പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നു. മുമ്പ് മൂന്ന് മണിക്കൂർ വരെയുണ്ടായിരുന്ന യാത്രാസമയം 40 മിനിറ്റായി കുറയും. ഡൽഹിയിലേക്ക് ദിവസേന മൂന്ന് ലക്ഷം വാഹനങ്ങൾ പ്രവേശിക്കുന്നത് കുറയ്‌ക്കാനും മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്‌ക്കാനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു. പ്രധാന സ്ഥലങ്ങളിലേക്ക് മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും നൽകുന്നുണ്ട്.
ചടങ്ങിൽ വിവിധ സാമ്പത്തിക പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുകയുണ്ടായി. ജിഎസ്ടിയിൽ കൂടുതൽ പരിഷ്കരണം വരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരുന്ന ദീപാവലിക്ക് ജിഎസ്ടി പരിഷ്കരണത്തിൽ നിന്ന് കൂടുതൽ ബോണസ് ലഭിക്കും. മൊബൈൽ ഫോണിലും കളിപ്പാട്ട നിർമാണത്തിലും ഇന്ത്യൻ വിപണി കുതിച്ചുയർന്നു.
സ്വാശ്രയ ഭാരതത്തെ കൂടുതൽ ശക്തമാക്കുന്നതിനുള്ള വോക്കൽ ഫോർ ലോക്കൽ, മെയ്ഡ് ഇൻ ഇന്ത്യ തുടങ്ങിയ സംരംഭങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. റെയിൽവേയുടെയും വിമാനത്താവളങ്ങളുടെയും നവീകരണം ഉൾപ്പെടെയുള്ള വികസന വിഷയങ്ങളെ കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ ഉൾപ്പെടുത്തി.















