അഹമ്മദാബാദ്: കാറുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ വെന്തുമരിച്ചു. ഉച്ചയ്‌ക്ക് ശേഷം 3.30 ഓടെയായിരുന്നു അപകടം. കൂട്ടിയിടിക്ക് പിന്നാലെ കാറുകൾ പൂർണമായും കത്തിനശിച്ചു. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ ദേശീയപാതയിൽ വച്ചാണ് അപകടമുണ്ടായത്.
പൊലീസും നാട്ടുകാരും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിൽ കുടുങ്ങി പോയതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്ന് അഗ്നിശമനസേന എത്തി തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. കാറും എസ് യുവിയുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ആളുകളാണ് മരിച്ചത്.
അഗ്നിശമനസേന എത്തി തീനിയന്ത്രണ വിധേയമാക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിൽ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.















