ന്യൂഡൽഹി: ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ അന്തിമമാക്കുന്നതിനായി തീരുമാനിച്ചിരുന്ന ചർച്ചകൾ മാറ്റിവച്ചു. കരാർ പൂർത്തിയാക്കുന്നതിനുള്ള ആറാം റൗണ്ട് ചർച്ചയാണ് മാറ്റിവച്ചത്. ചർച്ച നടത്താൻ അമേരിക്കൻ പ്രതിനിധി സംഘം ഓഗസ്റ്റ് 25 മുതൽ 29 വരെ ഇന്ത്യയിലെത്തും.
ഇന്ത്യയുടെ കയറ്റുമതി തീരുവ 50 ശതമാനമായി വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ഓഗസ്റ്റ് 27-ന് നടപ്പിലാക്കാനിരിക്കെയാണ് തീരുമാനം. ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി ചർച്ച നടന്നെങ്കിലും തീരുവ വർദ്ധിപ്പിച്ച വിഷയത്തിൽ സമവായത്തിൽ എത്തിയില്ലെന്നാണ് വിവരം.
ആറാം റൗണ്ട് ചർച്ചകൾ ഉടൻ ക്രമീകരിക്കാൻ ഇരുരാജ്യങ്ങളും തീരുമാനച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം മാർച്ചിലാണ് ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാർ ആരംഭിച്ചത്. ഈ വർഷം ഒക്ടോബർ-നവംബർ മാസത്തോടെ അതിന്റെ ആദ്യ ഘട്ടം അവസാനിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വെർച്വൽ മീറ്റിംഗുകൾ നടന്നിരുന്നു.
മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, ഔഷധ ഉത്പന്നങ്ങൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിൽ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്. 50 ശതമാനം തീരുവ ഏർപ്പെടുത്തുന്നത് ഈ മേഖലകളെയെല്ലാം കാര്യമായി ബാധിക്കുന്നുണ്ട്. വസ്ത്ര വ്യാപാര മേഖലയെയാണ് ഇത് കൂടുതലും ബാധിക്കുന്നത്.















