തിരുവനന്തപുരം: പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ നിരുത്തരവാദപരമായ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.
“കുട്ടികളെ ഉപദ്രവിക്കരുത്. സ്ഥലം എസ്ഐയുമായി സംസാരിച്ചു. പരാതി കിട്ടിയില്ലെന്ന് പറഞ്ഞു. അമ്മയും പരാതി നൽകിയിട്ടില്ല. കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് നിജസ്ഥിതി അറിയിക്കാൻ നിർദേശിച്ചു. ചെറിയ പ്രശ്നങ്ങൾ എല്ലാ സ്കൂളിലും ഉണ്ടാകും, അധ്യാപകരെ ശത്രുക്കളായി നമ്മൾ കാണേണ്ട കാര്യമൊന്നുമില്ല. ഇത്തരം എല്ലാ പ്രശ്നങ്ങളും വല്യ വിവാദ പ്രശ്നങ്ങൾ ആക്കി മാറ്റുന്നത് നമ്മുടെ പൊതു വിദ്യാഭ്യാസത്തിന്റെ വളർച്ചയ്‌ക്ക് ഗുണമല്ല”. മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
കുട്ടികളെ ഉപദ്രവിക്കരുതെന്നും ഇത് അധ്യാപകർ ശ്രദ്ധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
നാലാംക്ലാസ് പരിസരപഠനം കൈപ്പുസ്തകത്തിലെ നേതാജി സുഭാഷ് ചന്ദ്രബോസിനെ ക്കുറിച്ചുള്ള പരാമർശത്തിൽ ചരിത്രപരമായ പിശക് സംഭവിച്ചുവെന്നും അദ്ദേഹം സമ്മതിച്ചു. കരട് പുസ്തകത്തിലാണ് അങ്ങനെ വന്നത്. തിരുത്തി. പാഠപുസ്തകം തയാറാക്കിയവർ ഇനി ആ ചുമതലയിൽ ഉണ്ടാവില്ലെന്നും അവരെ ഡീബാർ ചെയ്തുവെന്നും ശിവൻ കുട്ടി പറഞ്ഞു.
സിപിഐഎമ്മിലെ കത്ത് ചോർന്ന സംഭവത്തിൽ പാർട്ടി ക്ലാരിറ്റി വരുത്തുമെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
“പല കത്തുണ്ട്. നല്ല കത്തുണ്ട്, കള്ള കത്തുണ്ട്. പാർട്ടിക്ക് അങ്ങനെ പല കത്തും കിട്ടും. പല കമ്മിറ്റിക്കും കത്ത് കിട്ടാറുണ്ട്. എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും കത്ത് കിട്ടും” അദ്ദേഹം കൂട്ടിച്ചേർത്തു.















