ചെന്നൈ: ആസന്നമായ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥി സിപി രാധാകൃഷ്ണന് പിന്തുണ തേടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് സംസാരിച്ച് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്.
ഭരണസഖ്യത്തിന്റെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനായി ബിജെപിയുടെ നേതൃത്വത്തിൽ ഇന്നലെ ഡൽഹിയിൽ NDA യോഗം ചേർന്നിരുന്നു . പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ നടന്ന ഈ യോഗത്തിൽ, തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും മഹാരാഷ്‌ട്ര ഗവർണറുമായ സി.പി. രാധാകൃഷ്ണനെ (67) ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു.
സി.പി. രാധാകൃഷ്ണനെ ഉപരാഷ്‌ട്രപതിയായി ഏകകണ്ഠമായി തിരഞ്ഞെടുക്കാൻ പ്രതിപക്ഷ പാർട്ടികളുമായി സംസാരിച്ചതായും അവരുടെ പിന്തുണ തേടുന്നത് തുടരുമെന്നും യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ട ജെ.പി. നദ്ദ പറഞ്ഞു.
ഇതേത്തുടർന്നാണ് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലുമായി ഫോണിൽ സംസാരിച്ചത്. ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സി.പി. രാധാകൃഷ്ണനെ പിന്തുണയ്‌ക്കാൻ രാജ്‌നാഥ് സിംഗ് എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 21 ആണ്. ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ഒന്നിൽ കൂടുതൽ പേർ മത്സരരംഗത്തുണ്ടെങ്കിൽ, അടുത്ത മാസം (സെപ്റ്റംബർ) 9-ാം തീയതി തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻപ് കമ്മ്യൂണിസ്റ്റുകൾ ഒഴികെയുള്ള തമിഴ്‌നാട്ടിലെ മറ്റ് പാർട്ടികൾ എപിജെ അബ്ദുൾ കലാമിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നു.















