കൊല്ലം: ഓൺലൈൻ ഗെയിമിന് അടിമയായ സ്കൂൾ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പത്താനാപുരത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്യൂണായ മലപ്പുറം സ്വദേശി ടോണി. കെ തോമസിനെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
സ്കൂൾ തുറക്കേണ്ട ചുമതല ടോണിക്കായിരുന്നു. ഇന്ന് രാവിലെ 9 മണിയായിട്ടും സ്കൂൾ തുറക്കാഞ്ഞതോടെ മറ്റ് ജീവനക്കാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. താമസസ്ഥലത്ത് എത്തിയപ്പോൾ മുറി അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്ന് ഉടമയിൽ നിന്നും താക്കോൽ വാങ്ങി മുറി തുറന്നു നോക്കിയപ്പോൾ മൃതദേഹം കണ്ടെത്തിയത്.
രണ്ട് വർഷമായി ഓൺലൈൻ ഗെയിമിന് അടിമയാണെന്നും വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ തവണ നാട്ടിൽ എത്തിയപ്പോൾ വീട്ടുകാർ ഇയാളെ കൗൺസിലിംഗിന് വിധേയരാക്കിയിരുന്നു. സ്മാർട്ട് ഫോൺ വാങ്ങി വച്ച് കീ പാഡ് ഫോൺ നൽകുകയും ചെയ്തു. പാരിപ്പള്ളി ആശുപത്രിയിൽ നടക്കുന്ന പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















