ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളും മറ്റ് തർക്ക വിഷയങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ പുനഃസ്ഥാപിക്കുന്നതിനും സഹകരണം ഉറപ്പാക്കുന്നതിനും ഇരുവരും ചർച്ച ചെയ്തു. അഭിപ്രായവ്യത്യാസങ്ങൾ ഇരു രാജ്യങ്ങൾ തമ്മിലുള്ള തർക്ക വിഷയമായി മാറരുതെന്ന് ജയശങ്കർ വാങിനെ അറിയിച്ചു.
“ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിനും ഞങ്ങൾ മുൻഗണന നൽകുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം കെട്ടിപ്പടുക്കുന്നതിന് ഞങ്ങളുടെ ചർച്ചകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിർത്തി പ്രശ്നങ്ങളെ കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വാങ് യിയുമായി സംസാരിക്കുമെന്നും” ജയശങ്കർ പറഞ്ഞു.
അതിർത്തി സംഘർഷങ്ങൾ പ്രധാനപ്പെട്ട പ്രശ്നമാണ്. അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ജയശങ്കർ പറഞ്ഞു. ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് വാങ് യി ഇന്ത്യയിലെത്തിയത്. പ്രത്യേക പ്രതിനിധി സംഘത്തിന്റെ 24-ാമത് റൗണ്ട് ചർച്ചകളിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹത്തിന്റെ സന്ദർശനം.















