തിരുവനന്തപുരം: വരും തലമുറയിലുള്ള കുട്ടികളിൽ അച്ചടക്കബോധം കൊണ്ടുവരുന്നതിനും ദേശസ്നേഹം വളർത്തുന്നതിനും നിർബന്ധിത സൈനിക പരിശീലനം നൽകണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. സേനാംഗങ്ങളെ ബഹുമാനിക്കേണ്ടത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും ഗവർണർ പറഞ്ഞു. പാങ്ങാേട് മിലിട്ടറി സ്റ്റേഷനിൽ വിരമിച്ച സൈനികരെ ആദരിക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അച്ചടക്കവും ത്യാഗവും കൊണ്ട് സായുധസേന സമൂഹത്തിന് മാതൃകയാണ്. നമ്മൾ സമാധാനമായി ഉറങ്ങാൻ വേണ്ടിയാണ് അവർ ഉറക്കം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഉന്നത നിലവാരം പുലർത്തുന്ന നമ്മുടെ സേന മറ്റുള്ളവർക്ക് പ്രചോദനമാണ്. അതിനാൽ സേനാംഗങ്ങളെ ബഹുമാനിക്കേണ്ടത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്”.
മാതൃരാജ്യത്തെ മറ്റെന്തിനേക്കാളുമുപരി പരിഗണിക്കുകയും ബഹുമാനിക്കുകയും രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യുന്നതിന് സദാ സന്നദ്ധമായിരിക്കുകയും ചെയ്യുന്ന സൈനികരെ എന്നും ആദരിക്കണമെന്നും ഗവർണർ പറഞ്ഞു.















