പട്ന: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനമിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ബിഹാറിലെ നവാഡയിൽ നടന്ന വോട്ടർ അധികാർ യാത്രയിലാണ് സംഭവം. രാഷ്‌ട്രീയ നേതാക്കളും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും തിങ്ങിനിറഞ്ഞിരുന്ന റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ പൊലീസ് ഉദ്യാേഗസ്ഥന്റെ കാലിന് പരിക്കേറ്റു. രാഹുൽ സഞ്ചരിച്ച തുറന്ന ജീപ്പ് പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു.
അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥൻ വാഹനമിടിച്ച് വീഴുന്നതും പിന്നീട് നിലത്ത് നിന്ന് എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അപകടത്തിന് ശേഷം രാഹുൽ വാഹനത്തിൽ നിന്ന് ഇറങ്ങാത്തതിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കോൺഗ്രസ് മാർച്ചിനെ ക്രഷ് ജനതാ യാത്ര എന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു.
ഈ വർഷാവസാനം നടക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിന്റെ ഭാഗമായാണ് വോട്ടർ അധികാർ യാത്ര സംഘടിപ്പിക്കുന്നത്. 16 ദിവസം നീണ്ടുനിൽക്കുന്ന ഈ യാത്ര സെപ്റ്റംബർ ഒന്നിനായിരിക്കും അവസാനിക്കുക.















