കൊച്ചി: സെപ്റ്റംബർ 20ന് പമ്പയിൽ നടത്തുന്ന അയ്യപ്പ ഭക്ത സംഗമത്തിലേക്ക് ഹൈന്ദവ സംഘടനകളെ ക്ഷണിക്കേണ്ട എന്ന് സർക്കാർ തീരുമാനം. അയ്യപ്പ സംഗമത്തിന് പിന്നിലെ ഗൂഢ ലക്ഷ്യങ്ങൾ ഹൈന്ദവ സംഘടകൾ ചോദ്യം ചെയ്യുമ്പോഴും സർക്കാരിന് മിണ്ടാട്ടമില്ലെന്ന ആക്ഷേപവും ശക്തമാണ്. അതിനിടെയാണ് ഹൈന്ദവ സംഘടനകളെയും ഭക്തജന സംഘടനകളെയും ഒഴിവാക്കിയുള്ള പുതിയ നീക്കം.
ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് മൂവായിരം ഭക്തരെ പങ്കെടുപ്പിക്കും എന്നാണ് സർക്കാർ പ്രഖ്യാപനം. എന്നാൽ ഇത് ആരൊക്കെ എന്നത് വ്യക്തവുമല്ല. എന്ത് മാനദണ്ഡപ്രകാരമാണ് ആളുകളെ ക്ഷണിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മന്ത്രിയോട് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചെങ്കിലും ദേവസ്വം മന്ത്രി എൻ. വാസവൻ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു. അതിനിടെയാണ് ബിന്ദു അമ്മിണിയെ പോലുള്ളവർ പങ്കെടുക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
വിഷയത്തിൽ സർക്കാരിൻയും ദേവസ്വത്തിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഹൈന്ദവ സംഘടനകൾ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സർക്കാരിനും ദേവസ്വം ബോർഡിനും ഏതെങ്കിലും തരത്തിലുള്ള ആത്മാർത്ഥത ഭക്തജനങ്ങളോടുണ്ടെങ്കിൽ സുപ്രീം കോടതിയിൽ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലം തിരുത്തുകയാണ് വേണ്ടതെന്ന് ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും അടക്കമുള്ള സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
നാമജപഘോഷയാത്രയിൽ പങ്കെടുത്ത ഭക്തർക്കെതിരെ 20,000 കേസുകളാണ് അന്ന് രജിസ്റ്റർ ചെയ്തത്. പ്രതിഷേധം ശക്തമായതോടെ ഇത് പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇക്കാര്യത്തിൽ യാതൊരു നടപടിയുമുണ്ടായില്ല. ഇതൊന്നും ചെയ്യാതെ സംഗമം നടത്തുന്നത് ഇരട്ടാത്താപ്പാണെന്നും ഹൈന്ദവ സംഘടനകൾ നേതാക്കൾ പറഞ്ഞിരുന്നു.
ശബരിമല വിഷയത്തിന് ശേഷം ഒരു വിഭാഗം ഇടത് അനുഭാവികളായ ഒരു വിഭാഗം ഹിന്ദുക്കൾ സിപിഎമ്മിൽ നിന്നും അകന്നു എന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. സിപിഎം ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ടി മെതിക്കുയാണെന്ന പൊതുവികാരവും രൂപപ്പെട്ടിരുന്നു. പിന്നാലെ സിപിഎമ്മിന് ലഭിച്ചിരുന്ന നിക്ഷ്പക്ഷ ഹിന്ദു വോട്ടുകളിൽ വലിയ ഇടിവും ഉണ്ടായി. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കേയുള്ള അയ്യപ്പഭക്തസംഗമം കൊണ്ട് ഈ വോട്ടുകൾ പെട്ടിയിലാക്കാമെന്ന വ്യാമോഹത്തിലാണ് പിണറായി സർക്കാർ.















