ന്യൂഡൽഹി: ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗത്തിനിടെ അപമര്യാദയായി പെരുമാറി പ്രതിപക്ഷം. അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിയിൽ കഴിയുന്ന മന്ത്രിമാരെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുന്ന ഭരണഘടനാ ഭേദഗഗി ബില്ല് അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ ബഹളം. അമിത് ഷാ പ്രസംഗിക്കുന്നതിനിടെ പേപ്പർ കീറിയെറിയുകയായിരുന്നു കോൺഗ്രസ് എംപിമാർ.
ലോക്സഭയിൽ അവതരിപ്പിച്ച മൂന്ന് വിവാദ ബില്ലുകളുടെ പകർപ്പുകളാണ് പ്രതിപക്ഷ എംപിമാർ കീറിക്കളഞ്ഞത്. ഇതിന്റെ വീഡിയോ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വിവിധ കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞതിന് ശേഷവും ഭരണത്തിലിരിക്കുന്ന പ്രതിപക്ഷ നേതാക്കൾക്കുള്ള വൻ തിരിച്ചടിയാണ് ഈ ബില്ല്.
പ്രതിപക്ഷ എംപിമാർ എഴുന്നേറ്റ് നിന്നും ബഹളംവച്ചും പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചിരുന്നു. ബഹളത്തിനിടയിലും അമിത് ഷാ ബില്ല് അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം തുടർന്നതോടെ സഭ അഞ്ച് മണി വരെ നിർത്തിവച്ചതായി ലോക്സഭാ സ്പീക്കർ അറിയിച്ചു.
സംസ്ഥാന, കേന്ദ്ര മന്ത്രിമാർ, പ്രധാനമന്ത്രി എന്നിവർക്കും ബില്ല് ബാധകമാണ്. 30 ദിവസം തുടർച്ചയായി കസ്റ്റഡിയിൽ കഴിയേണ്ടിവരുന്ന മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രിമാർ ഗവർണർക്ക് ശുപാർശ ചെയ്യേണ്ടതുണ്ട്. തുടർന്ന് ഗവർണർമാരാണ് മന്ത്രിമാരെ പുറത്താക്കേണ്ടത്. രാജിവച്ചില്ലെങ്കിലും ജയിൽവാസം കഴിഞ്ഞ് 31-ാമത്തെ ദിവസം ഇവർ അധികാരത്തിൽ നിന്ന് പുറത്താകും.















