ബെംഗളൂരു: ധർമസ്ഥലയിൽ യുവതിയെ കാണാതായെന്ന പരാതി പച്ചക്കള്ളം. സുജാത ഭട്ട് എന്ന സ്ത്രീക്ക് മകളില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. പെൺകുട്ടിയുടെ ചിത്രവും വ്യാജമാണെന്നാണ് കണ്ടെത്തൽ. 2007-ൽ മരിച്ച കൊടക് സ്വദേശി വാസന്തിയുടെ ചിത്രമാണ് അനന്യ ഭട്ട് എന്ന പേരിൽ പുറത്തുവിട്ടത്. പെൺകുട്ടിയെ സംബന്ധിച്ച് യാതൊരു രേഖയും ഇവരുടെ പക്കലില്ല. 2003-ല്‍ പ്രാദേശിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്ക് മകളില്ലെന്ന് സുജാത പറയുന്നുണ്ട്. ഈ വീഡിയോയും പുറത്തുവന്നതോടെയാണ് ആരോപണങ്ങൾ പൊളിഞ്ഞത്.
കഴിഞ്ഞ ജൂലൈയിലാണ് ധർമസ്ഥലയ്‌ക്കും മഞ്ജുനാഥ ക്ഷേത്രത്തിനുമെതിരെ ആരോപണങ്ങൾ ഉയർന്നത്. ഇതിന് പിന്നാലെയാണ് മകളെ കാണാനില്ലെന്ന് ആരോപിച്ച് സുജാത് ഭട്ട് രംഗത്തുവന്നത്. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേക്ക് വന്നതാണെന്നും അതിന് ശേഷം കാണാനില്ലെന്നുമാണ് സുജാത ഭട്ട് ആരോപിച്ചത്. അസ്ഥിയെങ്കിൽ കിട്ടിയാൽ മതി എന്നായിരുന്നു സുജാത പറഞ്ഞിരുന്നത്.
2004-ലാണ് മകളെ കാണാതായതെന്ന് സുജാത പറഞ്ഞു. 1999 മുതൽ 2007 വരെ ഷിമോഗയിലാണ് സുജാത താമസിച്ചിരുന്നത്. അവിടെ ഒരു സുഹൃത്തുമായി ലിവിംഗ് ബന്ധത്തിലായിരുന്നു സുജാത. ഇവർ മൃഗസ്നേഹിയായിരുന്നു. അതിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തനിക്ക് മകളില്ലെന്ന കാര്യം സുജാത പറയുന്നത്. ബന്ധുക്കളും ഇക്കാര്യം ശരിവയ്‌ക്കുന്നുണ്ട്.
മണിപാലിലെ കസ്തൂർബ മെഡിക്കൽ കോളേജിലാണ് മകൾ അനന്യ ഭട്ട് എംബിബിഎസിന് പഠിച്ചിരുന്നതെന്നാണ് സുജാത പറഞ്ഞിരുന്നത്. എന്നാൽ അങ്ങനെയൊരു വിദ്യാർത്ഥി അവിടെ പഠിച്ചിരുന്നില്ലെന്ന് കോളേജ് അധികൃതർ പറയുന്നു. നിരവധി വ്യാജ ആരോപണങ്ങളാണ് സുജാത ഭട്ട് ഉന്നയിച്ചതെന്ന് ഇതിലൂടെ വ്യക്തമായിക്കഴിഞ്ഞു.















