ന്യൂഡൽഹി: യാത്രക്കാർക്ക് ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. ഒരു മിനിറ്റിൽ 25,000 ടിക്കറ്റുകൾ ബുക്ക് ചെയ്യാനാണ് റെയിൽവേ പദ്ധതിയിടുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ പദ്ധതിയെ കുറിച്ച് പ്രഖ്യാപിച്ചത്.
ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, നെറ്റ്‌വർക്ക് ഉപകരണങ്ങൾ, സുരക്ഷാ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലും മാറ്റമുണ്ടാകും. 182 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ സംവിധാനമുപയോഗിച്ച് നാലിരട്ടിയിലധികം യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യപ്രഥമാകും.
റെയിൽവേ അടുത്തിടെ പുറത്തിറക്കിയ റെയിൽവൺ ആപ്പ് വഴി മൊബൈൽ ടിക്കറ്റിംഗും മെച്ചപ്പെട്ടിട്ടുണ്ട്. ഇതുവഴി യാത്രക്കാർക്ക് സ്മാർട്ട്‌ഫോണുകളിൽ നിന്ന് നേരിട്ട് റിസർവ് ചെയ്തതും ചെയ്യാത്തതുമായ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും.















