കോഴിക്കോട്: കലക്ടറേറ്റിലെ ജലവിതരണ ടാങ്കിൽ മരപ്പട്ടിയെ ചത്തനിലയിൽ കണ്ടെത്തി. രാവിലെയാണ് മരപ്പട്ടിയെ ചത്തനിലയിൽ ടാങ്കിനുള്ളിൽ നിന്ന് കണ്ടെത്തിയത്. വെള്ളത്തിൽ ദുർഗന്ധം ഉണ്ടായതോടെയാണ് ടാങ്കിനുള്ളിൽ പരിശോധന നടത്തിയത്. ജീർണിച്ച നിലയിലായിരുന്നു മരപ്പട്ടിയുടെ ജഡം.
കലക്ടറേറ്റിലെ മുകളിലത്തെ നിലയിലാണ് ടാങ്ക് സ്ഥിതിചെയ്യുന്നത്. മരപ്പട്ടിയുടെ ജഡത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് വിവരം. 30,000 ലിറ്റർ ശേഷിയുള്ള ടാങ്ക് വറ്റിച്ചാണ് മരപ്പട്ടിയുടെ ജീർണിച്ച ജഡം മാറ്റിയത്. കലക്ടറേറ്റിലെ ഡി ബ്ലോക്കിലേക്ക് എത്തിക്കുന്ന വെള്ളമാണ് ഈ ടാങ്കിൽ ശേഖരിക്കുന്നത്. എന്നാൽ, ടാങ്കിലെ വെള്ളം കുടിവെള്ളത്തിനായി ഉപയോഗിക്കില്ലെന്നാണ് അധികൃതരുടെ വാദം.















