ന്യൂഡൽഹി: ക്രിമിനൽക്കേസ് പ്രതിയായി ജയിലഴിക്കുള്ളിൽ കിടന്ന് ഭരിക്കാൻ ഒരു പൊതുപ്രവർത്തകനും യാതൊരു അവകാശവുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജയിലിൽ കിടന്ന് സംസ്ഥാനം ഭരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് അന്യായമാണെന്നും അമിത് ഷാ പറഞ്ഞു. അഞ്ച് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിയിൽ കഴിയുന്ന മന്ത്രിമാരെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുന്ന ഭരണഘടനാ ഭേദഗഗി ബില്ല് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയകുംഭകോണ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞതിന് ശേഷവും ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ഭരിച്ച എഎപി നേതാവ് അരവിന്ദ് കെജരിവാളിനെ വിമർശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പരാമർശം. പ്രതിപക്ഷത്തിന്റെ വലിയ ബഹളത്തിനിടയിലാണ് അമിത് ഷാ ബില്ല് അവതരിപ്പിച്ചത്. പേപ്പർ കീറിയെറിഞ്ഞും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റും അമിത് ഷായുടെ പ്രസംഗം തടസപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചിരുന്നു. ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിപക്ഷ എംപിമാർക്കുള്ള കനത്ത പ്രഹരമാണ് അമിത് ഷാ അവതരിപ്പിച്ച പുതിയ ബില്ല്.
ജയിലിൽ നിന്നും ഇനിയൊരു സർക്കാരിനും പ്രവർത്തിക്കാൻ കഴിയില്ല എന്നതാണ് ബില്ലിന്റെ പ്രഥമലക്ഷ്യമെന്ന് ബില്ല് അവതരിപ്പിച്ചതിന് ശേഷം അമിത് ഷാ പറഞ്ഞു. ഇത് സംബന്ധിച്ച് ഭരണഘടനയിൽ വ്യക്തത വന്നിട്ടില്ല. ഇത് പരിഹരിക്കേണ്ടതുണ്ട്. ജയിലിൽ കിടന്ന് ഭരിക്കുന്ന സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഡൽഹിയിലെയും തമിഴ്നാട്ടിലെയും സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.















