കാസർകോട്: സംസ്ഥാനത്ത് വീണ്ടും മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്. ദേലംപാടി സ്വദേശിനിയായ യുവതിയെയാണ് മതപ്രഭാഷകനായ ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. സംഭവത്തിൽ കർണ്ണാടക ഈശ്വരമംഗലം സ്വദേശി ഇബ്രാഹിം ബാദുഷയ്‌ക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. കുമ്പഡാജെ പഞ്ചായത്തിലെ ബെലിഞ്ചയിലുള്ള ഹദാഖ് നഗർ ജുമാ മസ്ജിദിലെ മുഖ്യ മതപ്രഭാഷകനാണ് ഇയാൾ.
സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മർദ്ദിച്ചതായും ഗർഭിണിയായിരിക്കുമ്പോഴും ക്രൂരത നേരിട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഓഗസ്റ്റ് ഏഴാം തീയതി ബെളിഞ്ചയിലെ വാടക വീട്ടിൽ വച്ച് ശാരീരികമായും മാനസികമായും ഉപദ്രവിച്ച ശേഷം മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹം വേർപ്പെടുത്തുകയായിരുന്നു.
2018 മെയ് 18 നാണ് യുവതിയും ഇബ്രാഹിം ബാദുഷും തമ്മിലുള്ള വിവാഹം നടന്നത്. ഒന്നര വർഷം മുൻപാണ് യുവതിയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചത്. കൊല്ലുമെന്ന് പറഞ്ഞതോയെ രണ്ട് വയസ്സുള്ള മകളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് രക്ഷപ്പെട്ടു.
മുത്തലാഖ് നിരോധന നിയമം നിലവിൽ വന്നതിന് ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നമത്തെ കേസാണിത്. ഹൊസ്ദുർഗ് സ്വദേശിയായ യുവതിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയതിന് ഭർത്താവിനെതിരെ കേസെടുത്തിരുന്നു. .















