ന്യൂഡൽഹി: ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെതിരായ നേപ്പാളിന്റെ എതിർപ്പ് തള്ളി ഇന്ത്യ. വ്യാപാരപാതയ്ക്ക് മേലെ കാഠ്മണ്ഡു ഉന്നയിച്ച പ്രദേശിക അവകാശവാദം അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
നേപ്പാൾ സർക്കാരിന്റെ അവകാശവാദം ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല. 1954 ലാണ് ലിപുലേഖ് ചുരം വഴി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വ്യാപാരം ആരംഭിച്ചത്. കോവിഡും മറ്റ് സംഭവവികാസങ്ങളും കാരണം കുറച്ചു വർഷമായി വ്യാപാരം തടസ്സപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇരുപക്ഷവും ഇത് പുനരാരംഭിക്കാനുള്ള നടപടികളിലാണ്. എന്നാൽ നേപ്പാളുമായി ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും ക്രിയാത്മകമായ ആശയവിനിമയത്തിന് ഇന്ത്യ തയ്യാറെണെന്നും ജയ്സ്വൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന വിപുലമായ ചർച്ചകൾക്ക് ശേഷം ലിപുലേഖ് ചുരം, ഷിപ്കി ലാ ചുരം, നാഥുലാ ചുരം എന്നിവ വഴിയുള്ള ചരക്ക് നീക്കം ആരംഭിക്കാൻ ഇരുപക്ഷവും തമ്മിൽ ധാരണയായിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഇത് സംബന്ധിച്ച് സൂചനകൾ പുറത്തുവന്നത്.
പിന്നാലെയാണ് ലിപുലേഖ് ചുരത്തിന് മേൽ അവകാശവാദം ഉന്നയിച്ചു കൊണ്ടുള്ള നേപ്പാളിന്റെ പ്രസ്താവന പുറത്ത് വന്നത്. മഹാകാളി നദിയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ലിംപിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ നേപ്പാളിന്റെ അവിഭാജ്യ ഭാഗങ്ങളാണെന്നായിരുന്നു നേപ്പാളിന്റെ വാദം. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്നു പ്രധാന അയൽ രാജ്യമാണ് നേപ്പാൾ. സിക്കിം, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളുമായി 1,850 കിലോമീറ്ററിലധികം അതിർത്തി നേപ്പാൾ പങ്കിടുന്നുണ്ട്.















