കോഴി എന്ന പക്ഷി വർഗത്തിൽ ഗാല്ലുസ് (Junglefowl -Gallus), എന്ന ജെനുസിൽ പെട്ട കാട്ടുപക്ഷിയാണ് കാട്ടുകോഴികൾ.ഇന്നത്തെ വളർത്തു കോഴികളായ പല ഇനം കോഴിയുടെയും പൂർവ്വ ജനുസ്സ് അഥവാ കാരണമായ പ്രാഥമിക ഇനം ചുവന്ന ജംഗിൾഫൗൾ ആയിരുന്നു.
പ്രധാനമായും കരയിൽ ജീവിക്കുന്ന ഈ പക്ഷി തെക്കുകിഴക്കൻ പ്രദേശങ്ങളിലും ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്നു. ഭൂമിയിലിന്ന് നാലു തരം കാട്ടുകോഴികളെ അവശേഷിക്കുന്നുള്ളു. അതിൽ ചാര കാട്ടുകോഴി മാത്രമാണ് കേരളത്തിലുള്ളത്. കാട്ടുകോഴി നാട്ടുകോഴിയെ അപേക്ഷിച്ച് കൂടുതൽ ദൂരം പറക്കുന്നു. ഇവ പൊതുവെ മനുഷ്യനെ ഭയപ്പെടുന്ന ഇനമാണ്. മനുഷ്യരെ കണ്ടാൽ ഇവ പറന്നോ അടുത്തുള്ള മരക്കൊമ്പുകളിൽ ശരണം തേടിയോ രക്ഷപ്രാപിക്കും. എന്നാൽ ഇവ ഭക്ഷണം സമ്പാദിക്കുന്നത് നാട്ടുകോഴിയെപ്പോലെയാണ്.
രാത്രി ഒറ്റക്കോ കൂട്ടമായോ മരക്കൊമ്പുകളിൽ ചേക്കേറുകയാണ് പതിവ്. ഫെബ്രുവരി മുതൽ ജൂലൈ വരെയാണ് സന്താനോല്പാദനകാലം.വിത്തുകള്‍, കായകള്‍, പുഴുക്കള്‍, ചിതല് തുടങ്ങിയ ജീവികളെ അകത്താക്കും. ചെറുശബ്ദം കേട്ടാല്‍ പോലും കാട്ടു കോഴി പേടിച്ചോടും. പൊതുവേ മനുഷ്യരോട് അടുപ്പമില്ല.
പൂവന്‍കാട്ടുകോഴിക്ക് ചിറകിന്റെ മുകള്‍ഭാഗത്ത് സ്വര്‍ണപ്പുള്ളികളും കഴുത്തില്‍ വെള്ളയോ മഞ്ഞയോ പുള്ളികളുമുണ്ട് . അടിവയറ്റില്‍ വെള്ളപ്പുള്ളികളൊഴിച്ചാല്‍ കാട്ടുകോഴികളിലെ പിടകള്‍ നാടന്‍കോഴികളെപ്പോലെ തന്നെയാണ്. അപൂര്‍വമായിട്ടാണെങ്കിലും കാട്ടുകോഴികള്‍ മനുഷ്യരുമായി ഇണങ്ങുന്ന കാഴ്ചയുണ്ട്. കാട്ടുകോഴികളുടെ മറ്റൊരു വകഭേദമാണ് ചെങ്കോഴികള്‍. കഴുത്തില്‍ നീണ്ട സ്വര്‍ണത്തൂവലുകളും നിറഞ്ഞ അങ്കവാലുകളുമുള്ളവയാണീ പക്ഷികള്‍. നാട്ടുപൂവനുമായും പിടയുമായും ഇവയ്‌ക്കു രൂപസാദൃശ്യം കാണാം. മണിക്കൂറില്‍ 35 കി.മീ. വരെ വേഗത്തില്‍ പായാന്‍ കാട്ടുകോഴികള്‍ക്കാകും
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് കാട്ടുകോഴികള്‍ മനുഷ്യനോട് ഇണങ്ങി നാട്ടുകോഴികളായി പരിണമിച്ചത്. രണ്ട് വിഭാഗവും കലര്‍ന്നപ്പോള്‍ സ്വാഭാവികമായും രണ്ടിന്റേയും ജീനുകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടു. കാട്ടുകോഴിയുടെ ശക്തമായ, വൈവിധ്യമേറിയ ജീന്‍ നാടന്‍ കോഴിയില്‍ പ്രതിരോധശേഷി കൂടിയ തലമുറയെ ഉത്പാദിപ്പിച്ചുവന്നു. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ഇപ്പോഴുള്ള കാട്ടുകോഴിയുടെ ഡിഎന്‍എ ഏറെ മാറിക്കഴിഞ്ഞുവെന്നാണ്.















