തൃശൂർ: ദേശീയ സേവാഭാരതിയും, ഊരകം സഞ്ജീവനി സമിതിയും ചേർന്ന് നിർധന രോഗികൾക്കായി പണിത ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം കല്യാൺ സിൽക്സ് ചെയർമാൻ ടി. എസ്. പട്ടാഭിരാമൻ നിർവഹിച്ചു. ആർ. എസ്. എസ് മുൻ അഖില ഭാരതീയ കാര്യകാരിയംഗവും മുതിർന്ന പ്രചാരകനുമായ എസ് സേതുമാധവൻ സേവാസന്ദേശം നൽകി. 10 കിടക്കകളും നാലു മെഷീനുകളുമാണ് ഡയാലിസിസ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്. ഇവിടെ നിർധനരായ രോഗികൾക്ക് ഡയാലിസിസ് തീർത്തും സൗജന്യമാണ്.
ചടങ്ങിൽ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അദ്ധ്യക്ഷയായി. ആത്രേയ ഹോസ്പിറ്റൽ മാനേജിങ്ങ് ഡയറക്ടർ രാംകുമാർ മേനോൻ ധാരണാപത്രം കൈമാറി. ഭീമ ജ്വലേഴ്സിൽ നിന്നും ആദ്യ തുക ചടങ്ങിൽ കൈമാറി.
പാലാഴി ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ശാന്താനന്ദ സരസ്വതി, സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കർ, പെരുവനം കുട്ടൻ മാരാർ, ആർ. എസ്. എസ് ഉത്തരകേരളം പ്രാന്ത കാര്യവാഹ് പി. എൻ. ഈശ്വരൻ, സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. റിഷിൻ സുമൻ, സഞ്ജീവനി സമിതി പ്രസിഡന്റ് കെ. ജി അച്യുതൻ, വൈസ് പ്രസിഡന്റ് കെ. ആർ.സന്തോഷ്, ട്രഷറർ കെ. ആർ. ദേവദാസ് എന്നിവർ പങ്കെടുത്തു.















