പാലക്കാട്: നടിമാരുൾപ്പെടെയുള്ള സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന് പ്രതിക്കൂട്ടിലായ യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ ന്യായീകരിച്ചുള്ള കോൺഗ്രസ് നേതാവ് വി കെ ശ്രീകണ്ഠന്റെ പരാമർശം വിവാദത്തിൽ. പരാതിക്കാരികളായ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലായിരുന്നു ശ്രീകണ്ഠന്റെ വാക്കുകൾ. എന്നാൽ പരാമർശം വിവാദമായെന്ന് മനസിലായതോടെ മാദ്ധ്യമങ്ങളെ പഴിചാരുകയാണ് കോൺഗ്രസ് നേതാവ്.
“പരാതിക്കാരികളായ സ്ത്രീകളെ അപമാനിച്ചിട്ടില്ല. സ്ത്രീകളെ ആക്ഷേപിക്കുന്നത് ഞങ്ങളുടെ നയമല്ല. മാദ്ധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിച്ചു. പരാമർശം തെറ്റായി തോന്നുന്നുവെങ്കിൽ പിൻവലിക്കുന്നു. മന്ത്രിമാരോടൊപ്പം നിൽക്കുന്ന പരാതിക്കാരിയുടെ ചിത്രം വന്നില്ലേ. അതിനാൽ രാഷ്ട്രീയ പശ്ചാത്തലം അന്വേഷണിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ഞാൻ ആരെയും ന്യായീകരിക്കുകയോ വെള്ളപൂശുകയോ ചെയ്തിട്ടില്ല. പരാതി പറയുന്നവരെ കോൺഗ്രസ് ഒരിക്കലും അധിക്ഷേപിക്കില്ല. ആരോപണം ഉയർന്നപ്പോൾ തന്നെ കോൺഗ്രസ് നടപടി സ്വീകരിച്ചുവെന്നും” ശ്രീകണ്ഠൻ പറഞ്ഞു.
അർദ്ധവസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പമുള്ള ചിത്രം പുറത്തുവന്നല്ലോ എന്നാണ് പരാതിക്കാരിയെ കുറിച്ച് ശ്രീകണ്ഠൻ പറഞ്ഞത്. പരാതിക്കാരിയുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണം. ഏതൊക്കെയോ മന്ത്രിമാരുടെയൊപ്പമാണ് ഇവർ അർദ്ധവസ്ത്രം ധരിച്ച് നിൽക്കുന്നത്. ഇതിന്റെയൊക്കെ പിന്നിൽ എന്താണ്. അവരുടെ രീതിയും നടപ്പും പല പരിപാടിയിൽ പങ്കെടുത്തും മന്ത്രിമാരൊക്കെ കെട്ടിപിടിച്ചുനിൽക്കുന്ന ചിത്രങ്ങൾ വന്നില്ലേ. ഇതിന്റെയൊക്കെ പിന്നിൽ ആരുണ്ട് എന്നത് അന്വേഷിക്കട്ടെ- എന്നായിരുന്നു ശ്രീകണ്ഠന്റെ പരാമർശം.















