കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡൻ്റ് റെനിൽ വിക്രമസിംഗെ അറസ്റ്റിൽ. സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത് സ്വകാര്യ ആവശ്യത്തിനായി ലണ്ടൻ യാത്ര നടത്തിയതിലാണ് അറസ്റ്റ് ചെയ്തത്. കേസിൽ മൊഴി രേഖപ്പെടുത്താൻ കൊളംബോയിലെ സിഐഡി ആസ്ഥാനത്ത് എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്. അറസ്റ്റ് പൊലീസോ വിക്രമസിംഗെയുടെ ഓഫീസോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
2023 ലാണ് കേസിനാസ്പദമായ സംഭവം. വിക്രമസിംഗെയുടെ ഭാര്യ പ്രൊഫസർ മൈത്രി വിക്രമസിംഗെയെ ആദരിക്കുന്ന പരിപാടി വോൾവർ ഹാംപ്ടൺ സർവകലാശാല സംഘടിപ്പിച്ചിരുന്നു. ക്യൂബയിലെ ഹവാനയിൽ നടന്ന ജി 77 ഉച്ചകോടിയിൽ നിന്ന് മടങ്ങുന്നതിനിടെ സർവകലാശാല പരിപാടിയിൽ പങ്കെടുക്കാൻ വിക്രമസിംഗെയും സംഘവും ലണ്ടനിലേക്ക് പോയി.
ഇതിന്റെ മുഴുവൻ ചെലവുകളും വഹിച്ചത് സർക്കാർ ഖജനാവിൽ നിന്നാണെന്നാണ് ആരോപണം. 2022 നും 2024 നും ഇടയിൽ വിക്രമസിംഗെ 23 വിദേശ യാത്രകൾക്കായി 600 മില്യൺ രൂപയിലധികം ചെലവഴിച്ചെന്നും റിപ്പോർട്ടുണ്ട്.















