ന്യൂഡൽഹി: ആത്മനിർഭർ ഭാരതത്തിന് കീഴിൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കായി ഫ്രഞ്ച് ജെറ്റ് കമ്പനി സഫ്രാനുമായി കരാറിൽ ഒപ്പുവച്ച് ഇന്ത്യ. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിനായി (AMCA) എഞ്ചിൻ നിർമിക്കുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനുമാണ് ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി ഇന്ത്യ കരാറിൽ ഒപ്പുവയ്‌ക്കുന്നത്. പ്രതിരോധ രാജ്നാഥ് സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
2035- ഓടെ ആദ്യ പറക്കൽ നടത്താനുള്ള പദ്ധതിയിലാണ് കേന്ദ്രസർക്കാർ. 120 കിലാേന്യൂട്ടൺ പവർ എഞ്ചിനാണ് യുദ്ധവിമാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. യുഎസിൽ നിന്നുള്ള ജിഇയെയും യുകെയിൽ നിന്നുള്ള റോൾഡ്- റോയ്സിനെയും മറികടന്നാണ് ഫ്രാൻസിലെ സഫ്രാനുമായി കരാറിൽ ഒപ്പിടാൻ ഇന്ത്യ തീരുമാനിച്ചത്.
രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സഫ്രാനുമായി ഇന്ത്യ പുതിയ ഉടമ്പടിയിൽ ഏർപ്പെട്ടത്. ഇതിനായി ഇന്ത്യ-ഫ്രാൻസ് പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതാണ് ഈ കരാർ. 700 കോടിയാണ് പദ്ധതി ചെലവ്.
രാജ്യത്ത് ഇതിനകം തന്നെ വിവിധതരം ഹെലികോപ്റ്റർ എഞ്ചിനുകൾ സഫ്രാൻ നിർമിച്ചിട്ടുണ്ട്. എഎംസിഎയുടെ ഏഴ് സ്ക്വാഡ്രണുകൾ( 126 ജെറ്റുകൾ) ഉൾപ്പെടുത്താൻ വ്യോമസേന പദ്ധതിയിടുന്നു. ആദ്യ രണ്ട് സ്ക്വാഡ്രണുകൾ അമേരിക്കൻ GE-F414 എഞ്ചിനുകളാലും അടുത്ത അഞ്ച് സ്ക്വാഡ്രണുകൾ 120 കിലോന്യൂട്ടൺ എഞ്ചിനുകളാലും പ്രവർത്തിക്കും.















