തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസിയും സംഘവും കേരളത്തിലെത്തും. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സമൂഹമാദ്ധ്യമപേജുകൾ വഴിയാണ് അസോസിയേഷൻ മെസിയുടെ കേരളസന്ദർശനം സ്ഥിരീകരിച്ചത്. ഈ വർഷം നടക്കുന്ന സൗഹൃദമത്സരങ്ങളുടെ വേദികൾ സംബന്ധിച്ച വിവരമാണ് അർജന്റീന അസോസിയേഷൻ പുറത്തുവിട്ടിരിക്കുന്നത്.
നവംബറിൽ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കുമെന്നാണ് വിവരം. നവംബർ 10 മുതൽ 18 വരെയുള്ള ദിവസങ്ങളിലാണ് സൗഹൃദമത്സരങ്ങൾ നടക്കുന്നത്. അർജന്റീന ടീമിന്റെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.
മാസങ്ങൾ നീണ്ട വിവാദങ്ങൾക്കൊടുവിലാണ് മെസ്സി കേരളത്തിൽ എത്തുന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനമുണ്ടായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മെസി ആരാധകരെയും മലയാളികളെയും ഒരുപോലെ ആകാംക്ഷരാക്കുകയും നിരാശരാക്കുകയും ചെയ്തതാണ് മെസിയുടെ കേരളസന്ദർശനം. ഉടൻ കേരളത്തിൽ എത്തുമെന്ന് സംസ്ഥാന കായിക മന്ത്രി അറിയിച്ചെങ്കിലും പിന്നീട് വാക്ക് മാറ്റുകയായിരുന്നു.















