തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹൂൽ മാങ്കൂട്ടത്തിലിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ എഴുത്തുകാരി ഹണി ഭാസ്കറിന് നേരെ സൈബർ ആക്രമണം കനക്കുന്നു. ഹണി ഭാസ്കറിന്റെ ചിത്രങ്ങളും പോസ്റ്റുകളും ഉപയോഗിച്ചാണ് സൈബറാക്രമണം നടക്കുന്നത്. സൈബറാക്രമണം തുടരുന്ന സാഹചര്യത്തിൽ ഹണിയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒമ്പത് പേർക്കെതിരെയാണ് നിലവിൽ എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശികളാണ് പ്രതികൾ.
സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി ഭാസ്കർ പരാതി നൽകിയത്. ഹണി ഭാസ്കറിന്റെ ചിത്രങ്ങൾ അനാവശ്യമായി മറ്റ് ഫേസ്ബുക്ക് പേജുകളിൽ പോസ്റ്റ് ചെയ്യുകയും മോശമായി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഹണി ഭാസ്കറുടെ അന്തസ്സിനെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു സമൂഹമാദ്ധ്യമ പോസ്റ്റുകൾ.
നേരത്തെ സൈബർ ആക്രമണത്തിൽ ഹണി ഭാസ്കരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. താൻ നേരിടുന്ന സൈബറാക്രമണത്തെ കുറിച്ച് ഹണി പോസ്റ്റ് പങ്കുവച്ചിരുന്നു. ഏറ്റവും ഭീകരമായ സൈബറാക്രമണം നേരിടുന്നുവെന്നും നിങ്ങൾ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിക്കണമെന്നും ഹണി ഫേസ്ബുക്കിൽ കുറിച്ചു.















