റായ്പൂർ: സ്വാതന്ത്ര്യദിനത്തിന് ത്രിവർണ്ണ പതാക ഉയർത്തിയതിന്റെ പേരിൽ യുവാവിനെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി. ഓഗസ്റ്റ് 16 നടന്ന ക്രൂര കൊലപാതകത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മനീഷ് നരേതി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിലെ മാഡ് പ്രദേശത്തെ ബിനഗുണ്ട ഗ്രാമത്തിലാണ് സംഭവം. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ഓഗസ്റ്റ് 15 ന് ഗ്രാമത്തിലെ ജനങ്ങൾ മനീഷ് നരേതിയുടെ നേതൃത്വത്തിൽ ത്രിവർണ്ണ പതാക ഉയർത്തി ഭാരത് മാതാ കീ ജയ് വിളിച്ചിരുന്നു. അടുത്ത ദിവസം രോഷാകുലരായ നക്സലുകൾ ആൾക്കൂട്ട വിചാരണ നടത്തി യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. മനീഷ് പൊലീസിന്റെ ഇൻഫോർമർ ആണെന്നും നക്സലുകൾ ആരോപിച്ചിരുന്നു. യുവാവിനെ തങ്ങൾ കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന പോസ്റ്ററുകൾ ഭീകരർ ഗ്രാമത്തിൽ പതിച്ചിരുന്നു.
കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് ബസ്തർ ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പറഞ്ഞു. കഴിഞ്ഞ വർഷം ഗ്രാമത്തിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ 29 നക്സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു.















