തിരുവനന്തപുരം: ധർമസ്ഥലയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു. ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ ഗൂഢാലോചന നടന്നെന്ന് വ്യക്തമായിരുന്നെന്നും കേരളത്തിലെ ചില മാദ്ധ്യമങ്ങളാണ് ഈ വിഷയത്തെ വിവാദമാക്കിയതെന്നും ആർ വി ബാബു പറഞ്ഞു. ധർമസ്ഥലയ്‌ക്കെതിരെ വ്യാജആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിലായതുമായി ബന്ധപ്പെട്ട് ജനംടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ മതങ്ങളുമായി ബന്ധമുള്ള മാദ്ധ്യമങ്ങളാണ് വിഷയത്തെ ഇത്രയധികം വിവാദമാക്കിയത്. മതതീവ്രവാദ ശക്തികളുടെ അജണ്ട ഏറ്റുപിടിച്ചുകൊണ്ട് കേരളത്തിലെ മുഖ്യധാര മാദ്ധ്യമങ്ങൾ ധർമസ്ഥല വിഷയം ഇത്രയും വഷളാക്കി. നൂറ് കണക്കിന് മൃതദേഹങ്ങൾ ആരും അറിയാതെ കുഴിച്ചിട്ടെന്ന് പറയുമ്പോൾ സാമാന്യം ബുദ്ധിയുള്ളവർക്ക് മനസിലാകും.
വ്യാജ ആരോപണങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന കേരളത്തിലെ മാദ്ധ്യമങ്ങള കുറിച്ച് ആലോചിക്കുമ്പോൾ പരമപുച്ഛം തോന്നുന്നു. ഇതുപോലെയുള്ള കാര്യങ്ങൾ വരുമ്പോൾ ഇനിയെങ്കിലും അതിന്റെ വസ്തുത അറിഞ്ഞ് പെരുമാറണം. ധർമസ്ഥലം വെള്ളരിക്കപ്പട്ടണമാണോ. ഇതൊരു ഹിന്ദുക്ഷേത്രമായതിനാൽ എങ്ങനെയെങ്കിലും തകർക്കാമെന്നും അപമാനിക്കാമെന്നും കരുതിയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത്. ഇത്തരത്തിൽ പ്രചാരണം നടത്തിയവർ സമൂഹത്തോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആരോപണം ഉന്നയിച്ച ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തിരുന്നു. 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ധർമസ്ഥലയിൽ നൂറുക്കണക്കിന് മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു ഇയാളുടെ അവകാശവാദം.















