തൃശൂർ: സന്ദീപ് വാര്യർക്കെതിരെ കോൺഗ്രസ് യോഗത്തിൽ കടുത്ത വിമർശനം. തൃശൂർ ഡിസിസി യോഗത്തിലാണ് വിമർശനമുയർന്നത്. സന്ദീപ് തൃശൂർ നിയമസഭാ മണ്ഡലത്തിലെ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായി പ്രവർത്തിക്കുന്നതായി യോഗത്തിൽ ആക്ഷേപമുയർന്നു.
സന്ദീപ് വാര്യർ തൃശൂരിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയാണെന്നും ഇതിനാണ് ബിജെപി നേതാവ് കെ.സുരേന്ദ്രനെ ഇവിടെ മത്സരിക്കാൻ വെല്ലുവിളിച്ചതെന്നും ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും പല നേതാക്കന്മാരും വിമർശനമുന്നയിച്ചു. സന്ദീപ് വാര്യരെ തൃശൂരിലെ പരിപാടികളിൽ ഇനി പങ്കെടുപ്പിക്കരുതെന്നും ആവശ്യമുയർന്നു. ഇന്നലെ ഡിസിസിയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന പ്രധാന നേതാക്കളുടെ യോഗത്തിലായിരുന്നു വിമർശനം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പെൺവേട്ട വിഷയം വെളിച്ചത്ത് വന്നതോടെ എം എൽ എ യുടെ സന്തത സഹചാരി ആയിരുന്നു സന്ദീപ് മാധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടാറില്ല. കഴിഞ്ഞ ദിവസം താൻ കാശ്മീരിൽ ടൂറ് പോകുന്നുവെന്നും തന്നെ ആരും വിളിക്കാൻ ശ്രമിക്കേണ്ടെന്നും സൂചിപ്പിക്കുന്ന സന്ദീപ് വാര്യരുടേതായ ഒരു വാട്സാപ്പ് സ്റ്റാറ്റസ് സ്‌ക്രീൻ ഷോട്ട് പ്രചരിച്ചിരുന്നു.















