ആലപ്പുഴ : അമ്പലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിൽ തനിച്ചു താമസിച്ചിരുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ മുൻപ് അയൽപക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികൾ അറസ്റ്റിൽ. തോട്ടപ്പള്ളി ഒറ്റപ്പനയ്‌ക്കു സമീപം ചെമ്പകപ്പള്ളി ഹംലത്താണ് (62) കൊല്ലപ്പെട്ടത്.
ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന പ്രദേശവാസി അബൂബക്കറിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ യഥാർഥ പ്രതികൾ മുൻ മോഷണക്കേസ് പ്രതിയും ഭാര്യയുമാണെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു.സൈനലബ്ദ്ധീൻ എന്ന കുഞ്ഞുമോനും ഭാര്യയുമാണ് കൊല നടത്തിയത്. ഇരുവരെയും അറസ്റ്റ് ചെയ്തു. പ്രതികൾ മുൻപ് ഹംലത്തിന്റെ അയല്‍പക്കത്തു വാടകയ്‌ക്കു താമസിച്ചിരുന്നു. തനിച്ചു താമസിക്കുകയായിരുന്ന ഹംലത്തിനെ 17നാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മുൻപ് കൊലപാതകി എന്ന് പൊലീസ് ആരോപിച്ച അബൂബക്കർ സ്ത്രീയുടെ വീട്ടിൽ വന്നിരുന്നെങ്കിലും ഇയാൾ തിരികെ പോയ ശേഷമാണ് കൊലപാതകം നടന്നത്. ശ്വാസംമുട്ടലുണ്ടെന്നു ഹംലത്ത് പറഞ്ഞപ്പോൾ അബൂബക്കർ അവിടെയുണ്ടായിരുന്ന ശീതളപാനീയം നൽകി. തുടർന്ന് ഹംലത്ത് ഉറങ്ങിയപ്പോൾ രാത്രി 11 മണിയോടെ അബൂബക്കർ തിരികെ പോയി.
അർധരാത്രിക്കുശേഷം സൈനലബ്ദ്ധീൻ എന്ന കുഞ്ഞുമോനും ഭാര്യയും അവിടെയെത്തി. വൈദ്യുതി വിച്ഛേദിച്ചശേഷം അടുക്കള വാതിൽ മൺവെട്ടികൊണ്ടു തകർത്ത് അവർ അകത്തു കടന്നു. ഹംലത്ത് തളർന്നുകിടന്ന് ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് അവർ ബഹളമുണ്ടാക്കിയപ്പോൾ സൈനലബ്ദ്ധീന്റെ ഭാര്യ കാലുകളിൽ ബലമായി പിടിച്ചു. സൈനലബ്ദ്ധീൻ ഹംലത്തിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.
തുടർന്ന് മോഷണം നടത്തി, സ്ഥലത്തു മുളകുപൊടി വിതറിയശേഷം ഇവർ കടന്നുകളയുകയായിരുന്നു. പൊലീസ് ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന അബൂബക്കറിനെ പിടികൂടി. ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.















