ഇടുക്കി: ഉടുമ്പന്നൂരിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതിയും യുവാവും തൂങ്ങിമരിച്ചതാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുള്ള തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
മണിയനാനിക്കൽ സ്വദേശി ശിവഘോഷ്, പാറത്തോട് സ്വദേശി മീനാക്ഷി എന്നിവരെയാണ് യുവാവിന്റെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിൽ കുറച്ചുദിവസങ്ങളായി തർക്കമുണ്ടായിരുന്നു. വീട്ടിൽ വന്നതിന് ശേഷവും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ യുവതി മുറിയിലേക്ക് കയറുകയും തൂങ്ങിമരിക്കുകയുമായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ ശിവഘോഷ് മീനാക്ഷിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. പിന്നാലെ മറ്റൊരു മുറിയിൽ കയറി ശിവഘോഷും ആത്മഹത്യ ചെയ്യുകയായിരുന്നു.
മുറിയിലെ ശുചിമുറിയിലാണ് മീനാക്ഷി തൂങ്ങിമരിച്ചത്. ഇതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്. ഈ മുറിയുടെ സമീപത്തെ മുറിയിലാണ് ശിവഘോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മീനാക്ഷിയുടെ പോസ്റ്റുമോർട്ടം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും ശിവഘോഷിന്റെ പോസ്റ്റുമോർട്ടം തൊടുപുഴ ജില്ലാ ആശുപത്രിയിലും നടന്നു.















