തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഗവേണിംഗ് ബോഡി (ജിബി) ഇൻസ്റ്റിറ്റ്യൂട്ട് ബോഡി (ഐബി) തീരുമാനങ്ങൾ വിവരാവകാശ പ്രകാരം നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിർദേശം. രാഷ്‌ട്രീയ പ്രശ്‌നങ്ങൾ കാരണമാണ് വിവരാവകാശ അപേക്ഷയ്‌ക്ക് മറുപടി നൽകാത്തതെന്ന് ശ്രീചിത്ര ഡയറക്ടറും ശ്രീചിത്രയിലെ സെൻട്രൽ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.
അപേക്ഷകന് വിവരം നൽകുക മാത്രമല്ല സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ജിബി, ഐബി, മിനുട്സും, അജണ്ടയും പ്രസിദ്ധീകരിക്കണമെന്നും കേന്ദ്ര വിവരാവകാശ കമ്മിഷണർ നിർദേശിച്ചു. ശ്രീചിത്ര എംപ്ലോയീസ് സം ഘ് (ബി.എം.എസ്) അഡ്വക്കേറ്റ് മുഖേന നൽകിയ അപ്പീലിലാണ് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിർദേശം. ശ്രീചിത്രയിലെ പുതിയ തസ്‌തിക സൃഷ്ടിക്കൽ, സാമ്പത്തിക കാര്യങ്ങൾ, ജീവനക്കാരുടെ അലവൻസുകൾ, തുടങ്ങീ സ്ഥാപനത്തിന്റെ ഭരണപരവും സാമ്പത്തികവുമായ മുഴുവൻ തീരുമാനങ്ങളും കൈക്കൊള്ളുന്നത് ഗവേണിംഗ് ബോഡിയാണ്. ഇതിന്റെ വിവരങ്ങൾ ആരാഞ്ഞാണ് ശ്രീചിത്ര എംപ്ലോയീസ് സംഘ് അപേക്ഷ നൽകിയത്. എന്നാൽ വിവരങ്ങൾ കൈമാറാൻ വിവരാവകാശ ഓഫിസർ ഡോ. ഈശ്വറും, ശ്രീചിത്ര ഡയറക്ടർ ഡോ.സഞ്ജയ് ബിഹാരിയും തയാറായില്ല. തുടർന്നാണ് കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിച്ചത്.
ഈ മാസം നാലിന് കേന്ദ്രവിവരാവകാശ കമ്മിഷണർ കേസ് പരിഗണിച്ചപ്പോൾ ഡയറക്ടർ ഡോ. സഞ്ജയ്’ ബിഹാരിയും, വിവരാവകാശ ഓഫീസർ ഡോ. ഈശ്വറും നേരിട്ട് ഹാജരായി. അപ്പോഴാണ് രാഷ്‌ട്രീയ പ്രശ്‌നങ്ങൾ കാരണമാണ് ജിബി, ഐ ബി മിനുട്‌സും അജണ്ടയും നൽകാൻ സാധിക്കാത്തതെന്ന വിവാദപരാമർശം അറിയിച്ചത്. എന്നാൽ കേന്ദ്ര കമ്മിഷണർ ഇത് അംഗീകരിച്ചില്ല. തുടർന്നാണ് വിവരങ്ങൾ കൈമാറാൻ കമ്മിഷൻ നിർദ്ദേശിച്ചത്. സാധാരണ ഡയറക്ടർ ഹാജരാകേണ്ട ആവശ്യമില്ലെന്നിരിക്കെ നേരിട്ടെത്തി രാഷ്‌ട്രീയ കാരണം ചൂണ്ടിക്കാട്ടിയതും ദുരൂഹമാണ്.
2023 നവംബർ 28-ന് ശ്രീചിത്രയിലെ ജീവനക്കാരൻ നൽകിയ വിവരാവകാശ അപേക്ഷ നിരസിച്ചതിനെ തുടർന്ന് 2025 മെയ് 15-ന് കേന്ദ്രവിവരാവകാശ കമ്മിഷണറെ സമീപിച്ചിരുന്നു. മിനുട്‌സുകൾ വിവരാവകാശ പ്രകാരം അപേക്ഷകന് നൽകണമെന്നും വെബ്സൈറ്റിൽ ജിബി, ഐബി തീരുമാനങ്ങൾ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവിട്ടു. വിവരം നൽകാൻ മൂന്ന് മാസത്തെ സമയം വേണമെന്ന് ശ്രീചിത്ര കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ആ മൂന്ന് മാസം സമയവും കഴിഞ്ഞിട്ടുണ്ട്. വിവരം ഇതുവരെയും നൽകിയിട്ടുമില്ലെന്നാണ് വിവരം.















