കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി കെ സി വേണുഗോപാലിന്റെ ഭാര്യ കെ ആശ. രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ച് മാദ്ധ്യമങ്ങൾ ദിവസവും പുറത്തുവിടുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നതാണെന്നും സ്ത്രീകൾ ഭയന്നുകൊണ്ട് ഇയാളെ കുറിച്ച് ചർച്ച ചെയ്യുകയാണെന്നും കെ ആശ ഫേസ്ബുക്കിൽ കുറിച്ചു. പേര് പറയാതെയായിരുന്നു പരാമർശം. എന്നാൽ ചർച്ചയായതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
“പെൺകുട്ടികളെ സ്നേഹം നടിച്ച് വലയിൽ വീഴ്‌ത്താൻ സാധിക്കുമെന്നും പെട്ടെന്ന് മാഞ്ഞുപോകുന്ന സന്ദേശങ്ങൾ പെൺകുട്ടികൾക്ക് അയയ്‌ക്കാൻ പറ്റുമെന്നും ഗൂഗിൾപേയിലും സന്ദേശങ്ങൾ അയക്കാൻ പറ്റുമെന്നും സ്ക്രീൻഷോട്ട് എടുക്കാൻ പറ്റാത്ത വിധത്തിൽ സന്ദേശം അയക്കാൻ പറ്റുമെന്നും, മറഞ്ഞുകൊണ്ട് വീഡിയോ കോൾ ചെയ്യാൻ കഴിയും എന്നതുമൊക്കെ വാർത്തകളിലൂടെയാണ് മനസിലാക്കുന്നത്. ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികൾ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകൾ ഭയന്ന് ഇയാളെ കുറിച്ച് ചർച്ച ചെയ്യുന്നു. വല്ലാത്ത വിഷമമുണ്ട്. ഒന്നും പറയാതെ മിണ്ടാതിരിക്കാൻ കഴിയുന്നില്ലെന്നും” കെ ആശ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് ഓരോ ദിവസം കഴിയുംതോറും പുറത്തുവരുന്നത്. ഗർഭഛിദ്രത്തിന് ഉൾപ്പെടെ നിർബന്ധിപ്പിക്കുന്നതും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു.















