തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ നിയമപോരാട്ടത്തിന് വെല്ലുവിളിച്ച് ട്രാൻസ്‌ജെൻഡർ അവന്തിക.അവന്തികയും ഒരു മാദ്ധ്യമപ്രവർത്തകനുമായുളള സംസാരത്തിന്റെ ഓഡിയോ ക്ലിപ്പും ചാറ്റുകളും രാഹുൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചിരുന്നു. ഇതിനെ തുടർന്ന് താനുമായി ടെലഗ്രാമിൽ നടത്തിയ ചാറ്റുകളും രാഹുൽ പുറത്തുവിടണമെന്ന് അവന്തിക ആവശ്യപ്പെട്ടു. രാഹുൽ എന്തുകൊണ്ട് മറ്റ് ആരോപണങ്ങളിൽ മറുപടി പറഞ്ഞില്ലെന്നും അവന്തിക ചോദിക്കുന്നു.
‘രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ടത് ആരോപണങ്ങൾ വരുന്നതിന് മുൻപുളള ചാറ്റുകളും ഫോൺ സംഭാഷണങ്ങളുമാണ്. അന്ന് എന്നെ ആദ്യം വിളിച്ച മാദ്ധ്യമപ്രവർത്തകനോടാണ് ഇപ്പോഴത്തെ കാര്യങ്ങൾ തുറന്നുസംസാരിച്ചത്. മാദ്ധ്യമപ്രവർത്തകൻ ആദ്യം വിളിച്ചപ്പോൾ എനിക്ക് തുറന്നുപറയാൻ സാധിച്ചിരുന്നില്ല. നീതിക്കു വേണ്ടി കൂടെ നിൽക്കുമോയെന്ന് അന്ന് രാഹുൽ ചോദിച്ചിരുന്നു. എന്നാൽ അയാളുടെ ഭാഗത്ത് തെറ്റുണ്ട്. അത് മനസിലാക്കിയപ്പോഴാണ് ഞാൻ തുറന്നുസംസാരിക്കാൻ തയ്യാറായത്.
പഴയ ഓഡിയോ ക്ലിപ്പ് കൊണ്ടുവന്നിട്ട് ന്യായങ്ങൾ നിരത്തേണ്ട ആവശ്യമില്ല. ഞാനും അയാളും തമ്മിലുളള ടെലഗ്രാം ചാറ്റ് എന്തുകൊണ്ട് പുറത്തുവിട്ടില്ല. ഗൂഢാലോചനയുടെ ഭാഗമായല്ല ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഞങ്ങൾ നിരന്തരമായി ടെലഗ്രാമിൽ സംസാരിച്ചിട്ടുണ്ട്. ഞാനും അയാളും തമ്മിലുളള എല്ലാ ചാറ്റുകളും അയാൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിരത്തിയില്ല. വാനിഷ് മോഡിലാണ് അയാൾ ടെലഗ്രാമിൽ മെസേജ് അയക്കുന്നത്. ആ ധൈര്യത്തിലാണ് ഇപ്പോൾ സംസാരിച്ചിരിക്കുന്നത്.
ആ മെസേജുകൾ വീണ്ടെടുക്കാൻ കഴിയുമെങ്കിൽ ഞാൻ തെളിവായി ഹാജരാക്കും. അയാൾ ലൈംഗികവൈക്യതം നിറഞ്ഞ മെസേജുകളാണ് അയച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് ഞങ്ങൾ പരിചയപ്പെട്ടത്. നല്ല സൗഹൃദത്തിലായിരുന്നു. എന്റെ ആരോപണത്തിന് മാത്രം രാഹുൽ മറുപടി പറഞ്ഞതെന്താണെന്ന് അറിയില്ല. നിയമപോരാട്ടത്തിന് രാഹുൽ തയ്യാറാകണമെന്നാണ് എന്റെ അഭിപ്രായം. ബാക്കിയുളള വ്യക്തികൾക്കും അയാൾ മറുപടി കൊടുക്കണം’- അവന്തിക പറഞ്ഞു.
രാഹുല്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടണമെന്ന് പറഞ്ഞതായും അവന്തിക വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദിലും ബംഗളൂരുവിലും പോകാമെന്നു രാഹുൽ ആവശ്യപ്പെട്ടതായും അവന്തിക വെളിപ്പെടുത്തിയിരുന്നു.















