കൊളംബോ: മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ അറസ്റ്റിൽ ശ്രീലങ്കൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഡോ: ശശിതരൂർ എംപി.നിസ്സാര കാര്യത്തിനാണ് മുൻ പ്രസിഡന്റിന്റെ അറസ്റ്റ് എന്നും ലങ്കൻ സർക്കാർ അന്തസ്സോടെ പെരുമാറണം എന്നും തരൂർ പറഞ്ഞു. ശ്രീലങ്കൻ സർക്കാരിനോട് “പ്രതികാര രാഷ്‌ട്രീയത്തിൽ” നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
“മുൻ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയെ ഒറ്റനോട്ടത്തിൽ നിസ്സാരമെന്ന് തോന്നുന്ന കുറ്റങ്ങളുടെ പേരിൽ തടങ്കലിൽ വച്ചതിനെക്കുറിച്ച് ആശങ്കയുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹത്തെ ഇതിനകം തന്നെ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്,” റനിൽ വിക്രമസിംഗെയ്‌ക്കൊപ്പമുള്ള ഒരു പഴയ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മുൻ നയതന്ത്രജ്ഞനായ തരൂർ, എക്‌സിൽ എഴുതി.
“ഇത് അവരുടെ ആഭ്യന്തര കാര്യമാണെന്ന് പൂർണ്ണമായി ബഹുമാനിക്കുന്നതോടൊപ്പം തന്നെ, പ്രതികാര രാഷ്‌ട്രീയം ഉപേക്ഷിച്ച്, പതിറ്റാണ്ടുകളായി രാഷ്‌ട്രത്തിന് നൽകിയ സേവനത്തിന് ശേഷം, മുൻ പ്രസിഡന്റിനെ അദ്ദേഹം അർഹിക്കുന്ന ബഹുമാനത്തോടും അന്തസ്സോടും കൂടി പരിഗണിക്കണമെന്ന് ഞാൻ ശ്രീലങ്കൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു, .”ശശി തരൂർ ആവശ്യപ്പെട്ടു.
റനിൽ വിക്രമസിംഗെയുടെ അറസ്റ്റിനെതിരെ പ്രതിപക്ഷ നേതാക്കൾ കൊളംബോയിൽ സംയുക്ത വാർത്താസമ്മേളനം നടത്തി.
ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്‌ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസിലാണ് റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. 2023 സെപ്റ്റംബറിൽ ഭാര്യ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാൻ പൊതു ഫണ്ട് ഉപയോഗിച്ചതായാണ് കുറ്റം ചുമത്തിയിരിക്കുന്നത്.















