കാസര്‍കോട്: വ്യാജ തെളിവുകളും ആരോപണങ്ങളും നിരത്തി ധര്‍മ്മസ്ഥല ക്ഷേത്രത്തെ തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂട്യൂബര്‍ മനാഫിനെ അറസ്റ്റ് ചെയ്യണമെന്നും കേരളത്തില്‍ അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ബിജെപി ആവശ്യപ്പെട്ടു.
വ്യാജ പരാതി ചമച്ച മാസ്‌ക് മാനിന്റെ പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് മേഖല പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ധര്‍മ്മസ്ഥലയ്‌ക്കെതിരെയുള്ള കള്ള പ്രചാരണത്തിനു പിന്നില്‍ ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നു. ഈ ഗൂഢാലോചനയില്‍ മനാഫ്, സമീര്‍ തുടങ്ങിയവര്‍ക്ക് വ്യക്തമായ പങ്കുണ്ട്. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും കോണ്‍ഗ്രസ് എംപിയുമായ ശശികാന്ത് സൈന്തില്‍ മാസ്‌ക് മാന്‍ എന്നറിയപ്പെടുന്ന സി.എന്‍. ചിന്നയ്യ എന്നിവര്‍ ഉണ്ടാക്കിയെടുത്ത അന്തര്‍ സംസ്ഥാന ഗൂഢാലോചനയാണ് ധര്‍മ്മസ്ഥലയിലെ വ്യാജ സ്ത്രീ പീഡനവും കൊലപാതക ആരോപണങ്ങളും.
ആയിരക്കണക്കിന് സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി സഹായ സംഘങ്ങള്‍ നടത്തുകയും പെണ്‍കുട്ടികളുടെ വിവാഹവും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണവും ഉള്‍പ്പെടെയുള്ള സഹായങ്ങളും ധര്‍മ്മസ്ഥല ചെയ്യുന്നുണ്ട്. വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് കോടതിയെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ ആണ് ചിലര്‍ ശ്രമിച്ചത്. ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയും അതിന് ഉപയോഗിച്ചു. ഇത്തരം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പൂട്ടണം.കള്ളപ്രചരണം നടത്തിയവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി , മേഖല ജനറല്‍ സെക്രട്ടറി സുധാമ ഗോസാ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.















