മോസ്കോ: ഏറ്റവും മികച്ച ഡീൽ ലഭിക്കുന്നിനിടത്ത് നിന്നും ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ പ്രതിനിധി വിനയ് കുമാർ. ദേശീയ താത്പര്യം സംരക്ഷിക്കുന്നതിനാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നതെന്നും റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ടാസ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷയ്‌ക്കാണ് ഇന്ത്യ പ്രാധാന്യം നൽകുന്നത്. റഷ്യയുമായുള്ള ഇന്ത്യയുടെ സഹകരണം ആഗോള എണ്ണ വിപണിയിൽ സ്ഥിരത കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. റഷ്യയിൽ നിന്നും അസംസ്കൃത എണ്ണ വിലക്കുറവിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട യുഎസ് തീരുവ സമ്മർദ്ദത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
യുഎസ് നടപടികളെ “അന്യായവും, യുക്തിരഹിതവും, നീതീകരിക്കാനാവാത്തതും” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. റഷ്യ ഉൾപ്പെടയുള്ള ഏത് രാജ്യങ്ങളിൽ നിന്നായാലും എണ്ണ വാങ്ങുന്നത് വിപണിയിലെ ഏറ്റക്കുറച്ചലുകൾ മുൻനിർത്തിയാണ്. ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ഏർപ്പെടുത്തിയ യുഎസും യൂറോപ്പ്യൻ രാജ്യങ്ങളും റഷ്യയുമായി വ്യാപാരം നടത്തുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും നിലപാട് ആവർത്തിച്ചിരുന്നു . ഇന്ത്യയിൽ നിന്നും ശുദ്ധീകരിച്ച എണ്ണയോ റിഫൈനറി ഉൽപ്പന്നങ്ങളോ വാങ്ങാൻ ആരെയും നിർബന്ധിക്കുന്നില്ല. താൽപ്പര്യമില്ലാത്തവർ വാങ്ങേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.















