തുംകൂർ : കർണാടകം ഉപമുഖ്യ മന്ത്രി ഡി കെ ശിവകുമാറിനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രിയും മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ അടുത്ത അനുയായിയുമായ കെ എൻ രാജണ്ണ.
“അദ്ദേഹത്തിന് ആർഎസ്‌എസ് ഗാനം ആലപിക്കാം, ബിജെപി നേതാവ് അമിത് ഷായ്‌ക്കൊപ്പം ഒരു സ്വകാര്യ പരിപാടിയിൽ വേദി പങ്കിടാം, അദ്ദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യാം. നമുക്ക് ഒന്നും സംസാരിക്കാൻ കഴിയില്ല” മുൻ മന്ത്രി കെ.എൻ. രാജണ്ണ പറഞ്ഞു.
കർണാടക നിയമസഭയിൽ ഡി കെ ശിവകുമാർ ആർഎസ്‌എസ് പ്രാർത്ഥനാ ഗാനം ആലപിച്ചതിനെതിരെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കെ എൻ രാജണ്ണ പ്രതികരിച്ചത്.
“പ്രയാഗ്‌രാജിലെ ഗംഗയിൽ കുളിച്ചതുകൊണ്ട് മാത്രം ദാരിദ്ര്യം ഇല്ലാതാകില്ലെന്ന് എ ഐ സി സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ഇതിനുശേഷവും ഡി കെ ശിവകുമാർ പോയി പുണ്യസ്‌നാനം ചെയ്തു.
ആർ.എസ്.എസ് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് എതിരാണെന്ന് അറിയാമെങ്കിലും, അദ്ദേഹം സഭയിൽ ആർ.എസ്.എസ് ഗാനം ആലപിക്കുന്നു. സഭയുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾക്ക് (രൺദീപ് സിങ് സുർജേവാല) എം.എൽ.എമാരുടെ യോഗം നടത്താം, അത് ഞങ്ങൾ (ദളിത് നേതാക്കൾ) നടത്തുന്നത് കുറ്റകരമാണ്”. ഈ വൈരുദ്ധ്യങ്ങൾക്കെല്ലാം ഉചിതമായ സമയത്ത് താൻ ഉത്തരം നൽകുമെന്ന് പറഞ്ഞ് അദ്ദേഹം തന്റെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചു.
“”കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അംബാനിയുടെ മകന്റെ വിവാഹത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചില്ല. എന്നാൽ ശിവകുമാർ കുടുംബത്തോടൊപ്പം പങ്കെടുത്തു,” . കെ.എൻ. രാജണ്ണ പറഞ്ഞു.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തെക്കുറിച്ചുള്ള നിയമസഭാ ചർച്ചയ്‌ക്കിടെയാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രശസ്തമായ സംഘ പ്രാർത്ഥന ആലപിച്ചത്.
വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ കോൺഗ്രസ് ഭരണകാലത്താണ് വോട്ടർ പട്ടിക തയാറാക്കിയതെന്ന രാജണ്ണയുടെ പ്രസ്താവന വിവാദമായിരുന്നു, ഇതിനെ തുടർന്നാണ് രാജണ്ണയ്‌ക്ക് രാജി വെക്കേണ്ടി വന്നത്. ഹൈക്കമാൻഡ് നേരിട്ട് രാജി എഴുതി വാങ്ങുകയായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായ രാജണ്ണയുടെ പ്രസ്താവന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന്റെ മുന ഒടിച്ചിരുന്നു.















