ഭുവനേശ്വർ: വെള്ളച്ചാട്ടത്തിൽ റീൽ ചിത്രീകരിക്കുന്നതിനിടെ യൂട്യൂബറെ കാണാതായി. ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. 22 കാരനായ സാഗർ ടുഡുവിനെയാണ് കാണാതായത്. അപ്രതീക്ഷിതമായി ഡാം തുറന്നു വിട്ടതോടെ യുവാവ് കുത്തൊഴുക്കിൽ പെടുകയായിരുന്നു.
പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വീഡിയോ സീരീസ് ചിത്രീകരിക്കുന്നതിനായാണ് സാഗർ പ്രദേശത്ത് എത്തിയത്. ഡ്രോൺ ക്യാമറ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിൽ റീൽ ചിത്രീകരിക്കുന്നതിനിടെ യുവാവ് ഒഴുകി പോകുകയായിരുന്നു.
അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുത്തിഴൊകുന്ന പുഴയുടെ മധ്യത്തിൽ യുവാവ് നിൽക്കുന്നതും മറ്റുള്ളവർ കയറുകൾ ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മച്ചകുണ്ഡ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ ലാംതപുട്ട് പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്നാണ് ഡാം തുറന്ന് വിട്ടത്.















