ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഫിജിയൻ പ്രധാനമന്ത്രി സിതിവേനി റബൂക്ക. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് സിതിവേനി ഇന്ത്യയിലെത്തിയത്. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. ഫിജി പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം പുതിയ അദ്ധ്യായം തുടങ്ങിവയ്‌ക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുക ലക്ഷ്യമിട്ടാണ് ഇരുവരും തമ്മിൽ ചർച്ച നടന്നത്. ആരോഗ്യം, സുരക്ഷ, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ഫിജിയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു.
രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും ഫിജിയൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. 2024-ൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഫിജി സന്ദർശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് നിർണായകമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
സിതിവേനി റബുകയോടൊപ്പം ഭാര്യ സുലുവേട്ടി റബുക, ആരോഗ്യ മന്ത്രി രതു അറ്റോണിയോ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഫിജിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്.















