എറണാകുളം: ഹിരൺ ദാസ് മുരളി എന്ന റാപ്പർ വേടനെതിരെ ഒരു പീഡനക്കേസ് കൂടി രജിസ്റ്റർ ചെയ്തതു. എറണാകുളം സെൻട്രൽ പൊലീസാണ് വേടനെതിരെ കേസെടുത്തത്. ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കേസ്. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനിടെ തൃക്കാക്കര പൊലീസ് ചെയ്ത പീഡനക്കേസിൽ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി മറ്റന്നാൾ വിധി പറയും.
ഉഭയകക്ഷി ബന്ധത്തോടെയുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി ആവർത്തിച്ചു. പരാതി നൽകാൻ എന്തുകൊണ്ടാണ് രണ്ട് വർഷത്തോളം കാലതാമസം ഉണ്ടായതെന്നും കോടതി ചാേദിച്ചു. വാദം കേൾക്കുന്നതിനിടെയാണ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് വിവരം സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
വേടനെതിരെ എവിടെയെല്ലാം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നതിന്റെ വിശദാംശങ്ങൾ ഹൈക്കോടതി സിഗിംൾ ബെഞ്ചിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഗവേഷക വിദ്യാർത്ഥിനി നൽകിയ പരാതിയിൽ കേസന്വേഷണം പുരോഗമിക്കുന്നതായും സർക്കാർ അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിലും വേടനെതിരെ പല ആരോപണങ്ങളും ഉയരുന്നു. ഇക്കാര്യം കൂടി സമർപ്പിച്ചുകൊണ്ടാണ് വിദ്യാർത്ഥിനി പരാതി നൽകിയത്.















