പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിനെ കടന്നാക്രമിച്ച് എഴുത്തുകാരൻ ബെന്യാമിൻ രംഗത്തു വന്നു. കേരളത്തിൽ മുമ്പുണ്ടാവാത്ത വിധത്തിലുള്ള ആരോപണമാണ് ഉയർന്നിരിക്കുന്നതെന്നും സ്ത്രീകളോട് ഒരു പൊതുപ്രവർത്തകൻ എങ്ങനെ പെരുമാറണം എന്നത് രാഹുൽ പഠിക്കണമെന്നും ബെന്യമിൻ ആവശ്യപ്പെട്ടു.
“താൻ ഇനിയും ജനപ്രതിനിധി ആയിരിക്കാൻ യോഗ്യനാണോ എന്നത് രാഹുൽ തീരുമാനിക്കണം.ജനപ്രതിനിധികൾ എപ്പോഴും സംശുദ്ധരാകണം. ഒരു സ്ത്രീയെ കൊല്ലാൻ ഒരു മിനിറ്റ് മതി എന്നാണ് പറയുന്നത്. അങ്ങനെ ഒരാൾക്ക് എങ്ങനെ പൊതുപ്രവർത്തകനായി ഇരിക്കാൻ കഴിയും” അദ്ദേഹം ചോദിച്ചു.
സസ്പെൻഷൻ എന്നുള്ളത് താൽക്കാലിക നടപടി മാത്രമാണ്. മണ്ഡലത്തിൽ പ്രവർത്തിക്കേണ്ട ആള് ഒഴിഞ്ഞു നിൽക്കുന്നത് ശരിയല്ല. പുതിയ ജനപ്രതിനിധിക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള ആളുകളെ സംരക്ഷിക്കാൻ പാടില്ല. രാഹുലിനെ പോലെയുള്ള ആളുകളെ സംരക്ഷിക്കാൻ പാടില്ല.
കോൺഗ്രസ് ഇപ്പോൾ എടുത്ത നടപടിയെ വിമർശിക്കുന്നില്ല. കോൺഗ്രസ് ഇത്രയെങ്കിലും ചെയ്തതിൽ അവരെ അഭിനന്ദിക്കുന്നു. എന്നാൽ അത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണോ എന്നും സംശയമുണ്ട് ബെന്യമിൻ കൂട്ടിച്ചേർത്തു.















