കോഴിക്കോട്: ലാബ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിനാണ് അറസ്റ്റിലായത്..
ഉള്ള്യേരിയിൽ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ജോലി തേടിയാണ് ഇയാൾ പ്രദേശത്ത് എത്തിയത്. റോഡിൽ നടന്നു പോകുന്നതിനിടെ യുവതി ലാബ് തുറക്കുന്നത് കണ്ട് ഇയാൾ പിൻതുടർന്ന് അകത്ത് കയറി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയ യുവതി ബഹളം വെച്ചതോടെ സമീപത്തെ കടക്കാർ ഇയാളെ പിന്തുടർന്നെങ്കിലും ഓടി രക്ഷപ്പെട്ടു. പൊലീസ് നടത്തിയ തെരച്ചലിൽ രാവിലെ 11 മണിയോടെ കുന്ദമംഗലത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്.
മുഹമ്മദ് ജാസിം സമാനമായ മറ്റ് മൂന്ന് കേസുകൾ കൂടി പ്രതിയാണ്. സംഭവസമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രം ഉള്ള്യേരി ടൗണിൽ ഉപേക്ഷിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്. ഈ വസ്ത്രത്തിൽ നിന്നും ലഭിച്ച ഒരു ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.















